കോട്ടയം: ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറാൻ അനുവദിക്കണമെന്ന ശിവഗിരി ധർമസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശവുമായി എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി സുകുമാരൻ നായർ.
ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് കയറുന്നത് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റാണ്. ക്ഷേത്രങ്ങളിൽ ഉടുപ്പിട്ട് തന്നെ കയറണമെന്ന് അവരെല്ലാം കൂടി തീരുമാനിച്ചു. ഉടുപ്പിടാത്തത് നമ്പൂതിരി ആണോ എന്നറിയുന്നതിനു വേണ്ടിയാണെന്ന് ചിലർ വ്യാഖ്യാനിച്ചു. ഈ വ്യഖ്യാനങ്ങളൊക്കെ ഹിന്ദുവിന്റെ പുറത്ത് മാത്രമേയുള്ളോ എന്നും സുകുമാരൻ നായർ ചോദിച്ചു.
ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും അവരുടെ ആചാരങ്ങളുണ്ട്. അതിനെ വിമർശിക്കാൻ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ? ഹിന്ദുവിന്റെ കാര്യം ഏതെലും ഒരു കൂട്ടർ മാത്രം ആണോ തീരുമാനിക്കുന്നത്? അവരുടെ ക്ഷേത്രത്തിൽ ഷർട്ട് ഇടുന്നതിനെ എതിർക്കുന്നില്ല. കാലങ്ങളായി നിലനിൽക്കുന്ന ആചാരം മാറ്റണം എന്ന് പറയാൻ ഇവർ ആരാണ്? എല്ലാ ക്ഷേത്രങ്ങൾക്കും അതിന്റേതായ ആചാരങ്ങളുണ്ട്. മുഖ്യമന്ത്രി അതിനെ പിന്തുണയ്ക്കാൻ പാടില്ലായിരുന്നു. ഓരോ ക്ഷേത്രങ്ങളിലും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു മുന്നോട്ട് പോകാൻ ഹൈന്ദവ സമൂഹത്തിനു അവകാശമുണ്ട്. പുരോഗമനം വർഷങ്ങൾക്കു മുമ്പേ നടത്തിയ ആളാണ് മന്നം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുവിന് മാത്രം ചിലത് പാടില്ല എന്ന നിലപാട് രാജ്യത്ത് അംഗീകരിക്കാൻ പാടില്ല. ഇതിനൊക്കെ ചാതുർവർണ്യം നിരത്തിവെക്കേണ്ട കാര്യമില്ല. ഉടുപ്പിടാതെ പോകേണ്ട ക്ഷേത്രത്തിൽ അങ്ങനെ പോകണം. ഉടുപ്പ് ഇട്ടു പോകേണ്ട ക്ഷേത്രത്തിൽ അങ്ങനെയും പോകണം. ഹിന്ദു സമൂഹത്തിനും ആചാരങ്ങൾ പാലിക്കുന്നത്തിന് സ്വാതന്ത്ര്യം വേണം. അത് പറയേണ്ട സമയത്ത് തന്നെ പറയുകയാണെന്നും മന്നം ജയന്തി സമ്മേളനത്തിൽ സുകുമാരൻ നായർ വ്യക്തമാക്കി.