കോട്ടയം: പിണക്കങ്ങൾക്ക് വിരാമമിട്ട് 11 വർഷത്തെ ഇടവേളക്കുശേഷം പെരുന്നയിലെ എൻ.എസ്.എസ് വേദിയിലെത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി സുകുമാരൻ നായർ. ചെന്നിത്തലയെ പെരുന്ന മണ്ണിന്റെ സന്തതിയെന്നും എൻ.എസ്.എസിന്റെ പുത്രനെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് സുകുമാരൻ നായർ ഇങ്ങനെ പ്രസംഗിച്ചത്.
കോൺഗ്രസിന്റെ നേതാവെന്ന നിലയിലല്ല ചെന്നിത്തലയെ ക്ഷണിച്ചതെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഏറ്റവും അർഹനായ ആളാണ് രമേശ് ചെന്നിത്തലയാണെന്നും പറഞ്ഞു.
പരിപാടി ഉദ്ഘാടനം ചെയ്യണമെന്നു പറഞ്ഞപ്പോൾ ചെന്നിത്തല സന്തോഷത്തോടെ തയ്യാറായെന്നും എൻ.എസ്.എസ് എന്തു പറഞ്ഞാലും അനുസരിക്കാമെന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ചിലർ വിവാദമാക്കാൻ ശ്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
നായർ സർവീസ് സൊസൈറ്റിയിൽ നായരെ വിളിക്കുന്നതാണ് ചിലർക്ക് പ്രശ്‌നം. ചെന്നിത്തലയെ വിളിച്ചത് കോൺഗ്രസ് എന്ന മുദ്രയിലല്ല. എൻ.എസ്.എസിന്റെ പുത്രനാണ് ചെന്നിത്തല. ഗണേഷ് കുമാർ കമ്മ്യൂണിസ്റ്റ് ചേരിയിലാണ്. എല്ലാ നായന്മാർക്കും ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാൻ അനുവാദമുണ്ട്. കുടുംബം മറക്കരുതെന്ന് മാത്രമേ ഞങ്ങൾക്ക് ആഗ്രഹമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.