ആലപ്പുഴ: ഞാൻ ജീവിച്ചുപോകുന്നതിന് നിങ്ങൾക്ക് വല്ല എതിർപ്പുമുണ്ടോ എന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ആലപ്പുഴയിലെ മാധ്യമങ്ങൾക്ക് വസ്തുത അറിയാൻ താൽപര്യമില്ലെന്നും വെറുതെ വിവാദങ്ങളുണ്ടാക്കരുതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ഥലം എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാൽ പുന്നപ്ര പറവൂരിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തന്നെ സമീപിച്ച മാധ്യമങ്ങളോടായി ജി സുധാകരൻ ഇങ്ങനെ പ്രതികരിച്ചത്.
‘സന്ദർശനത്തിൽ എന്തു രാഷ്ട്രീയം? അദ്ദേഹം സി.പി.എമ്മിലേക്ക് വരോ? പാർട്ടിയിൽ ഞങ്ങളുണ്ടാക്കിയ മാനദണ്ഡപ്രകാരം സ്ഥാനങ്ങൾ മാത്രമേ ഞാൻ ഒഴിഞ്ഞിട്ടുള്ളു. താനിപ്പോഴും പൊതുപ്രവർത്തകൻ തന്നെയാണ്. താൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായ നിബന്ധന. മറ്റുള്ളവർ എന്നെ കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇപ്പോഴും പ്രസക്തിയുള്ളതിനാലാണ്. എനിക്ക് അതൃപ്തിയില്ല.
ആരോഗ്യപരമായ പല പ്രശ്‌നങ്ങളും നേരിടുന്ന ആളാണ് ഞാൻ. എനിക്ക് സുഖമില്ലാത്തത്‌കൊണ്ട് വന്നതാണ് കെ.സി. അദ്ദേഹം വിളിച്ചിരുന്നു. ഞങ്ങൾ നിയമസഭയിൽ ദീർഘകാലം ഒരുമിച്ചുണ്ടായിരുന്നവരാണ്. തീർത്തും സൗഹൃദപരമായിരുന്നു കൂടിക്കാഴ്ച. ഇങ്ങനെ പലരും വീട്ടിലേക്ക് വരുന്നുണ്ട്, വന്നിട്ടുണ്ട്. ഇതെല്ലാം നിങ്ങൾ വേണ്ടാ പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്നും ജി സുധാകരൻ വ്യക്തമാക്കി.
ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതിനൊന്നും താൻ മറുപടി പറയേണ്ട കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു.
ജി സുധാകരനെ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും കുറേ നാളായി ആരോഗ്യപരമായി സുഖമില്ലാതെ അദ്ദേഹം വീട്ടിൽ കഴിയുകയാണെന്നും തീർത്തും സൗഹൃദപരമായിരുന്നു സന്ദർശനമെന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹത്തിന് സി.പി.എമ്മുമായി അതൃപ്തിയുള്ള സാഹചര്യത്തിൽ സന്ദർശനത്തിൽ രാഷ്ട്രീയമുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് അസംതൃപ്തിയുണ്ടോ ഇല്ലേ എന്നത് ഞാനെങ്ങനെ പറയും, അത് അദ്ദേഹം പറയേണ്ടതല്ലേ എന്നായിരുന്നു കെ.സിയുടെ മറുപടി.
വിവാദമാകുമെന്ന് കരുതി, നേരത്തെയേറ്റ മുസ്‌ലിം ലീഗ് ദിനപത്രമായ ചന്ദ്രിക ക്യാമ്പയ്‌നിന്റെ ഉദ്ഘാടനത്തിൽനിന്ന് ജി സുധാകരൻ ഇന്ന് പിന്മാറിയിരുന്നു. വീട്ടിലെത്തിയ ലീഗ് നേതാക്കളോട് വിവാദത്തിന് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് ജി സുധാകരന്റെ സൗകര്യം നോക്കി മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അറിയിച്ചു. കേവലം സി.പി.എം നേതാവ് എന്ന നിലയ്ക്കല്ല, അദ്ദേഹം എം.എൽ.എയും മന്ത്രിയുമായിരിക്കുമ്പോൾ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ വർഷവും ജി സുധാകരനായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിവാദം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ലീഗ് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
ഇന്നലെ സമാപിച്ച സി.പി.എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽനിന്ന് ജി സുധാകരനെ പൂർണമായും ഒഴിവാക്കിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിലേക്കും പൊതുസമ്മേളനത്തിലക്കും അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. ജി സുധാകരനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു സി.പി.എം ജില്ലാ നേതൃത്വം ഇതോടായി പ്രതികരിച്ചത്.
സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന സി.പി.എം ഏരിയാ സമ്മേളനത്തിൽ പോലും ക്ഷണമില്ലാതിരുന്നതോടെ ജി സുധാകരൻ പാർട്ടിയുമായി അതൃപ്തിയിലാണെന്ന നിലയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് പുതിയ വിവാദം വേണ്ടെന്ന നിലയ്ക്ക് അദ്ദേഹം ചന്ദ്രിക ക്യാമ്പയ്ൻ ഉദ്ഘാടനത്തിൽനിന്ന് പിൻവാങ്ങിയതും മാധ്യമങ്ങൾ വസ്തുതാപരമല്ലാത്ത പ്രചാരണങ്ങൾ നടത്തരുതെന്നും പറഞ്ഞത്.