തിരുവനന്തപുരം: ആൺസുഹൃത്തിന്റെ വീട്ടിനുള്ളിൽ കയറി ഭർതൃമതിയായ യുവതി തൂങ്ങിമരിച്ചു. പൂന്തുറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ സന്ധ്യ(38)യാണ് സഹപാഠിയായിരുന്ന യുവാവിന്റെ വീട്ടിൽ കയറി തൂങ്ങിമരിച്ചത്.
മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് സന്ധ്യ ജീവനൊടുക്കിയത്. അരുണും സന്ധ്യയും സ്കൂളിൽ ഏഴാം ക്ലാസ് വരെ ഒരുമിച്ചാണ് പഠിച്ചത്. ആറു വർഷം മുമ്പ് നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തതിനു ശേഷം ഇവർ തമ്മിൽ വീണ്ടും സൗഹൃദത്തിലായിരുന്നു. എന്നാൽ, അരുണിന്റെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ ഇവർ തമ്മിൽ തെറ്റിപിരിഞ്ഞെന്നാണ് പോലീസ് നൽകുന്ന വിവരം.
പാൽക്കുളങ്ങരയിലെ വീട്ടിൽ വീട്ടുജോലിക്കു പോയിരുന്ന സന്ധ്യ പലരിൽനിന്നു പണം കടം വാങ്ങി അരുണിന് നൽകിയതായും പറയുന്നു.
വിവാഹം ഉറപ്പിച്ചതിന് പിന്നാലെ, വ്യാഴാഴ്ച റോഡിൽവച്ച് അരുണിനെ സന്ധ്യ കത്തികൊണ്ട് കൈക്ക് കുത്തുകയും അരുൺ ഓടിച്ച കാറിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച കാർ നന്നാക്കാൻ അരുൺ പുറത്തുപോയ സമയത്താണ് സന്ധ്യ വീട്ടിൽ എത്തിയത്.
സന്ധ്യ എത്തിയപ്പോൾ, അരുണിന്റെ അച്ഛനും അമ്മയും ജോലിക്കു പോയതിനാൽ വീട്ടിലുണ്ടായിരുന്നില്ല. അരുണിന്റെ അമ്മയുടെ സഹോദരി മാത്രമാണപ്പോൾ വീട്ടിലുണ്ടായിരുന്നത്. ഇവരെ തള്ളിമാറ്റി വീടിനുള്ളിൽ കയറിയ സന്ധ്യ, അരുണിന്റെ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. യുവതി പുറത്തിറങ്ങാത്തതിനെ തുടർന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് സന്ധ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.