അടിമാലി: ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിലെ പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാലുപേർ വീടിന് തീപിടിച്ച് മരിച്ചതായി സൂചന. തെള്ളിപടവിൽ വച്ച് പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (6) എന്നിവർ മരിച്ചതായി കരുതുന്നു. ശുഭയുടെ മാതാവ് പൊന്നമ്മ (70) വീട്ടിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിൽ അഭിനവിന്റെ മൃതദേഹം നാട്ടുകാർ ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തി. ഒരാളുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഫോറൻസിക് വിദഗ്ധർ നാളെ വിശദ പരിശോധന നടത്തും. വൈകിട്ട് 6.30നാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. ഇന്നലെ തീപിടിത്തം ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പ്രദേശത്ത് മഴ പെയ്തിരുന്നതായും നാട്ടുകാർ വ്യക്തമാക്കി.