ആലപ്പുഴ: മകന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥൻ കുഴിമന്തി കട അടിച്ചു തകർത്തു. ആലപ്പുഴ വലിയചുടുകാടിന് സമീപം പ്രവർത്തിക്കുന്ന അഹ്ലൻ എന്ന കടയാണ് ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സിപിഒ ജോസഫ് തകർത്തത്. ഇയാളെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഇവിടെ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായി എത്തി ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്.
ഹോട്ടലിന്റെ ചില്ല് തകർത്ത പോലീസുകാരൻ പിന്നീട് ബൈക്ക് ഹോട്ടലിനുള്ളിലേക്ക് ഓടിച്ചു കയറ്റുകയും ചെയ്തു. സമീപത്തുള്ള കടയും ഇയാൾ തകർത്തതായി പരാതിയുണ്ട്.