മലപ്പുറം: കേരളത്തിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ 2019-ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതർക്ക് റവന്യൂ വകുപ്പിന്റെ നോട്ടീസ്. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്ന് പറഞ്ഞാണ് അഞ്ചുവർഷത്തിനുശേഷം കുടുംബങ്ങൾക്ക് സർക്കാർ നോട്ടീസ് അയച്ചത്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലെ 125 കുടുംബങ്ങൾക്കാണ് ഇപ്രകാരം നോട്ടീസ് ലഭിച്ചത്. പ്രളയ ബാധിതർക്ക് രണ്ട് തവണയായി ആകെ 20,000 രൂപ നൽകിയിരുന്നു. ഇതിൽ 10,000 രൂപ തിരിച്ചടക്കണമെന്നാണ് നോട്ടീസിലുള്ളത്. അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരത്തുനിന്ന് നേരിട്ടാണ് പണം പ്രളയബാധിതർക്ക് നൽകിയിരുന്നത്. ഉദ്യോഗസ്ഥ സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതൽ ലഭിച്ചതെന്നാണ് വിശദീകരണം. നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം പണം താലൂക്ക് ഓഫീസിൽ തിരിച്ചടക്കണമെന്നാണ് നോട്ടീസിലുള്ളത്.
ഈയിടെ നടത്തിയ ഓഡിറ്റിങ്ങിലാണ് പണം അധികമായി നൽകിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, പാവപ്പെട്ട ദുരിതബാധിതർ പണം തിരിച്ചടക്കാൻ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ലെന്ന് പലരും പ്രതികരിച്ചു. കടുത്ത തൊഴിൽ-സാമ്പത്തിക പ്രതിസന്ധിയിൽ വട്ടം കറങ്ങുന്ന തങ്ങളെ അധികൃതരുടെ വീഴ്ചയ്ക്ക് ബലിയാടാക്കരുതെന്നും തുക എഴുതി തളളുകയോ വീഴ്ച വരുത്തിയവരിൽനിന്ന് ഈടാക്കുകയോ ചെയ്യണമെന്നാണ് പലരും പ്രതകരിക്കുന്നത്.