ഇടുക്കി: കുമളിയിൽ അഞ്ചു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. പിതാവും കേസിലെ ഒന്നാം പ്രതിയുമായ ഷരീഫിന് ഏഴുവർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചപ്പോൾ രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് പത്തുവർഷം തടവും രണ്ടുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
ഷരീഫ് 50,000 രൂപ പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷം അധികം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഇടുക്കി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ അറിയിച്ചു. അനീഷ രണ്ടുലക്ഷം രൂപ പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധികം തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
2013 ജൂലൈയിലാണ് അഞ്ചുവയസ്സുകാരൻ മാതാപിതാക്കളുടെ ക്രൂരപീഡനത്തിന് ഇരയായത്. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വിവരം പുറംലോകമറിഞ്ഞത്.
അപസ്മാരമുള്ള കുട്ടി കട്ടിലിൽനിന്ന് വീണപ്പോഴുണ്ടായ പരുക്കുകളാണെന്നായിരുന്നു പ്രതികൾ പറഞ്ഞത്. ശരീരത്തിലെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്നും പ്രതികൾ വാദിച്ചിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ മെഡിക്കൽ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പോലീസ് അന്വേഷണം പൂർത്തിയാക്കിയത്. മർദ്ദനത്തിൽ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ ബാധിച്ചിട്ടുണ്ട്.