(താമരശ്ശേരി) കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കൻ തീർന്നതിന്റെ പേരിൽ അർധരാത്രി കോഫി ഷോപ്പിൽ എത്തിയ സംഘം കട ഉടമയെയും ജീവനക്കാരനെയും പൊതിരെ തല്ലി. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ‘ടേക്ക് എ ബ്രേക്ക്’ എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കോഫി ഷോപ്പിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തുവെന്നും മറ്റു പ്രതികളെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണെന്നും താമരശ്ശേരി പോലീസ് പറഞ്ഞു.
കോഫീ ഷോപ്പ് ഉടമ പൂനൂർ സ്വദേശി നെല്ലിക്കൽ സഈദ്, ജീവനക്കാരൻ അസം സ്വദേശി മെഹദി ആലം എന്നിവരെ മർദ്ദിച്ച് സംഘം കടയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കട ഉടമയുടെ കഴുത്തിന് ഉൾപ്പെടെ പരുക്കുണ്ട്. മർദ്ദനമേറ്റ കട ഉടമയെയും ജീവനക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 12.30-ഓടെയാണ് ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ച് അഞ്ചംഗ സംഘം കടയിലെത്തിയത്. തീർന്നു പോയെന്ന് പറഞ്ഞതോടെ പ്രകോപിതരായി, ഇപ്പോൾ തന്നെ വേണമെന്ന് വാശി പിടിച്ച് സംഘം പ്രശ്‌നമുണ്ടാക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും പൂർണമായും ഫലം കണ്ടില്ല. തുടർന്ന് കൂടുതൽ വാക്കേറ്റത്തിലേക്കും ആക്രമണത്തിലേക്കും നീങ്ങുകയായിരുന്നു സംഘം.