കൊല്ലം: അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്റെ കാരണം തേടി അധികൃതർ. കടവൂർ പാലം, ഷാപ്പുമുക്ക്, കുതിരക്കടവ്, മണ്ണാശേരി കായൽവാരം, കണ്ടച്ചിറ എന്നിവിടങ്ങളിലാണ് ഇന്നലെ വൻ തോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത്.
വിവരമറിഞ്ഞ് ഫിഷറീസ് വകുപ്പിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ആരോഗ്യ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്റെയും മത്സ്യങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഒഴുക്കും ഓളവും കുറഞ്ഞ ഭാഗത്ത് ചെറു മത്സ്യങ്ങൾ തൊട്ട് വലിയ മത്സ്യങ്ങൾ വരെ ചത്തുമലച്ച നിലയിലായിരുന്നു. എല്ലാ മേഖലയിൽ നിന്നും വെള്ളത്തിന്റെയും മത്സ്യത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വെള്ളത്തിന് പലേടത്തും നിറവ്യത്യാസമുണ്ടായിരുന്നു.
തീരത്ത് ചത്തടിഞ്ഞ മത്സ്യങ്ങളിൽ 90 ശതമാനവും വട്ടമത്തി ഇനത്തിൽപ്പെട്ടവയാണ്. കരിമീൻ, ചുണ്ടൻ, നെത്തോലി, പള്ളത്തി, തിലാപ്പിയ ഇനത്തിലെ മത്സ്യങ്ങളും ചത്തുമലച്ചവയിലുണ്ട്. അഞ്ചലാംമൂടി മുരുന്തൽ ആക്കൽ കായൽ തീരത്തെ ഫിഷറിസീന്റെ കൂട് കൃഷിയിലെ നാലായിരം മത്സ്യങ്ങളും ചത്തിട്ടുണ്ട്. ഒരു വർഷം മുമ്പും കൂടുകൃഷിക്കാരനായ ഷിബു കുര്യാക്കോസിന്റെ അയ്യായിരത്തിലധികം വിളവെടുപ്പിന് പാകമായ കരിമീൻ ചത്തുപൊങ്ങിയിരുന്നു.
കൂടിയ അളവിൽ രാസമാലിന്യങ്ങൾ അടക്കമുള്ളവ തള്ളുന്നത് മൂലമാകാം മത്സ്യങ്ങൾ ചത്ത് പൊങ്ങിയതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എന്നാൽ, പ്രാഥമിക പരിശോധനയിൽ കൃത്യമായി കാരണം കണ്ടെത്താനായിട്ടില്ലെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. അതേസമയം, ആൽഗ ബ്ലൂം എന്ന കറവെള്ളം പ്രതിഭാസമാകാം മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ഇടയാക്കിയതെന്ന് സംശയിക്കുന്നതായി ഫിഷറീസ് അധികൃതർ പറഞ്ഞു.
കറവെള്ളം ഉണ്ടാകുന്ന സമയത്ത് വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോൾ മത്സ്യങ്ങൾ മയക്കത്തിലാവുകയും അളവ് പരമാവധിയിലും താഴെയെത്തുമ്പോൾ ഇവ കൂട്ടത്തോടെ ചത്ത് പൊങ്ങുകയും ചെയ്യും. ശാസ്ത്രീയ പരിശോധനാഫലം വന്നെങ്കിൽ മാത്രമേ കാരണം വ്യക്തമാവുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു. മത്സ്യങ്ങൾ ചത്തു പൊങ്ങിയ സ്ഥലത്തെ ജലത്തിന്റെ പി.എച്ച് മൂല്യം മത്സ്യത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണെന്നും സാമ്പിളുകളെല്ലാം ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും കൃത്യമായ കാരണം അറിയാൻ റിപോർട്ടിനായി കാത്തിരിക്കുകയാണെന്നും ഫീഷറീസ് അധികൃതർ പ്രതികരിച്ചു.
അതിനിടെ, മത്സ്യങ്ങൾ ചീഞ്ഞളിഞ്ഞ് പ്രദേശത്ത് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കോർപ്പറേഷൻ അധികൃതർ ഇടപെട്ട് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ചത്തമത്സ്യങ്ങൾ നീക്കി ജെ.സി.ബി ഉപയോഗിച്ച് വൻ കുഴിയെടുത്ത് മൂടിയിട്ടുണ്ട്.