കോഴിക്കോട്– കേരളത്തിലെ പ്രശസ്ത ഫോറന്‍സിക് വിദഗ്ധ, കോഴിക്കോട് മായനാട് സ്വദേശിനി ഡോ. ഷേര്‍ളി വാസു (68) അന്തരിച്ചു. നെഞ്ച് വേദനയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധവിയായി പ്രവർത്തിച്ചിരുന്നു.
സംസ്ഥാനത്തെ ആദ്യ വനിതാ ഫോറന്‍സിക് സര്‍ജന്‍ ആയ ഷേര്‍ളി വാസു നിരവധി പ്രമാദമായ കേസുകളിൽ തെളിവ് ശേഖരിക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ചു.
സൗമ്യ കേസിൽ ഉള്‍പ്പെടെയുള്ള കേസുകളിൽ ഇവരുടെ ഇടപെടൽ ശക്തമായിരുന്നു.
2017ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ 1981ല്‍ ഔദ്യോഗിക സേവനമാരംഭിച്ച ഡോ. ഷെര്‍ളി വാസു രണ്ടു വര്‍ഷം തൃശൂർ മെഡിക്കൽ കോളേജിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്. ‘പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. തന്റെ തൊഴിൽ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ശ്രദ്ധേയ രചനയാണിത്.