കോട്ടയം– മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകി ചാണ്ടി ഉമ്മൻ. നേരത്തെ ബിന്ദുവിൻ്റെ വീട്ടിലെത്തിയപ്പോൾ ചാണ്ടി ഉമ്മൻ വീടു നിർമാണം പൂർത്തിയാക്കാനുള്ള 5 ലക്ഷം രൂപ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം നടത്തി ചുരുങ്ങിയ ദിനങ്ങൾക്കകം തന്നെയാണ് പണം കൈമാറിയത്. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ചാണ്ടി ഉമ്മന് വേണ്ടി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആണ് പണം നൽകിയത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായി വന്നിരുന്ന ബിന്ദു മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയിൽ എത്തുകയും ഇതിനിടെ അപകടം സംഭവിക്കുകയും ചെയ്തു. അമ്മയെ കാണാതായതോടെ മകൾ നവമി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രതികരണമുണ്ടായില്ല. തകർന്ന കെട്ടിടത്തിനകത്ത് പെട്ട നിലയിലായിരുന്നു ബിന്ദു.അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മന്ത്രി വി എൻ വാസവൻ സ്‌ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോർജും അപകടസ്‌ഥലത്തെത്തി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോർജ് ആദ്യഘട്ടത്തിൽ നൽകിയ പ്രതികരണം. മന്ത്രി വി എൻ വാസവൻ്റെ നിർദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്‌ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.