തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഡി.ജി.പി നൽകിയ ശിപാർശയിൽ ഒരാഴ്ചക്കുശേഷം സർക്കാർ അനുകൂല തീരുമാനമെടുത്തു. അനധികൃത സ്വത്ത് സമ്പാദനം മുതൽ കൊലപാതകം വരെ നീണ്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മലപ്പുറത്തെ പോലീസ് ക്വാർട്ടേഴ്‌സിൽ നിന്നും മരം മുറിച്ചതടക്കമുള്ള ആരോപണങ്ങളുയർന്ന സസ്‌പെൻഷനിലുള്ള മുൻ എസ്.പി സുജിത് ദാസിനെതിരെയും വിജിലൻസ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും.
ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വർണക്കടത്തുകാരിൽ നിന്ന് സ്വർണം പിടിച്ച് മുക്കിയത്, കവടിയാറിലെ വീട് നിർമാണം അടക്കമുള്ള ആരോപണത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ് എ.ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തിരുന്നത്. ഇടതു മുന്നണിയിലെ ഘടകക്ഷികളും അജിത് കുമാറിനെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ടെങ്കിലും ഇത്രയും നാൾ എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാടാണ് അഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും സ്വീകരിച്ചത്. ഇതിനെതിരേ ഇടതു മുന്നണിയിലും സർക്കാറിലും കടുത്ത അപസ്വരങ്ങൾ വീണ്ടും ഉയരുന്നതിനിടെയാണ് ഡി.ജി.പിയുടെ നിർദേശം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിയെങ്കിലും പച്ചക്കൊടി കാണിച്ചത്.
സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പല നിർണായക റിപോർട്ടുകളും മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശി മുക്കിയതായും നിലമ്പൂർ എം.എൽ.എ ആരോപിച്ചിരുന്നു. പി ശശി-അജിത്കുമാർ അച്ചുതണ്ടിന്റെ പ്രവർത്തനം സർക്കാറിന് വൻ പരുക്കുണ്ടാക്കിയെന്ന് പാർട്ടിക്കകത്തും പുറത്തും വ്യാപകമായ തോതിൽ ചർച്ചയാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഡി.ജി.പി തലത്തിലുള്ള നിലവിലുള്ള അന്വേഷണത്തിന് പുറമെ, വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയിൽ തുടരാനായേക്കില്ല.