കല്‍പ്പറ്റ: കര്‍ണാടക മൈസൂരു കെആര്‍ പേട്ട് സ്വദേശിനി ജാന്‍സിയുടെ ആരുമല്ല താമരശേരി പൂനൂര്‍ ഇമ്മിണിക്കുന്ന് സമദ്-സുബൈദ ദമ്പതികളുടെ മകള്‍ ഫാത്തിമ ഫെമി. പക്ഷേ, ശരീരവും മനസും നുറുങ്ങുന്ന വേദനയുമായി മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജാന്‍സിക്ക് മൂന്നു ദിവസമായി കൂട്ടിരിക്കുന്നത് മുപ്പതുകാരിയായ ഫെമിയാണ്. വനിതകള്‍ക്കുള്ള ഓര്‍ത്തോ വാര്‍ഡിലെ കിടക്കയ്ക്കു അരികില്‍ ജാന്‍സിയുടെ സുഹൃത്തും സഹായിയുമാണ് രണ്ട് കുട്ടികളുടെ മാതാവുമായ ഫെമി.
ലണ്ടനില്‍ ജോലി ചെയ്യുന്ന മുണ്ടക്കൈ സ്വദേശി അനിലിന്റെ ഭാര്യയാണ് ജാന്‍സി. ഉരുള്‍പൊട്ടല്‍ ജാന്‍സിയുടെ രണ്ടര വയസുള്ള മകന്‍ ശ്രീനിഹാലിന്റെയും ഭര്‍തൃമാതാവ് ലീലാവതിയുടെയും ജീവനെടുത്തു. ഒരു മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ അനിലിനെയും ഉരുള്‍വെള്ളം വെറുതെ വിട്ടില്ല. ഗുരുതര പരിക്കേറ്റ അദ്ദേഹവും ചികിത്സയിലാണ്.
സേവന പ്രവര്‍ത്തനങ്ങളില്‍ മുമ്പേ തത്പരയാണ് ഫാത്തിമ ഫെമി. ബാലുശേരിയില്‍ രക്തദാന ഗ്രൂപ്പില്‍ അംഗമാണ് അവര്‍. വയനാട്ടിലുണ്ടായ ദുരന്തത്തെക്കുറിച്ച് അറിഞ്ഞ് മനസുകലങ്ങിയ അവര്‍ക്ക് ഇരിപ്പുറച്ചില്ല. ദുരന്തത്തിനു ഇരകളായവര്‍ക്ക് സാധ്യമായ സഹായം ലഭ്യമാക്കണമെന്ന ചിന്തയില്‍ കുടുംബത്തിലെ മുതിര്‍ന്നവരുടെ അനുവാദം വാങ്ങി മേപ്പാടിയില്‍ എത്തിയ ഫെമിയെ സമൂഹിക പ്രവര്‍ത്തകരില്‍ ചിലരാണ് ജാന്‍സിയുടെ കിടക്കയ്ക്കു അരികില്‍ എത്തിച്ചത്.