കൊച്ചി– വിദേശനാണയ വിനിമയച്ചട്ടം (ഫെമ) ലംഘിച്ച കേസില്‍ ഗോകുലം ഗോപാലനെ കൊച്ചിയിലെ ഓഫീസില്‍ വെച്ച് ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫീസുകളില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന റെയ്ഡില്‍ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. ഫെമ ലംഘിച്ച് പ്രവാസികളില്‍ നിന്ന് അനധികൃതമായി 592.54 കോടി രൂപ ചിട്ടിക്കെന്ന പേരില്‍ സമാഹരിക്കുകയും പിന്നീട് പണമായി തിരിച്ച് നല്‍കിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. ഗോകുലം ഓഫീസില്‍ നിന്ന് കണ്ടെത്തിയ ഒന്നക്കോടി രൂപയുടെ കാര്യത്തില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.
ഗോകുലം ഗ്രൂപ്പിലെ പരിശോധനയില്‍ ഏകദേശം 1000 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന് കണ്ടെത്തിയതായി പറയപ്പെടുന്നു. ഗോകുലന്‍ ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപണങ്ങളും അന്യേഷണ പരിധിയിലുണ്ട്. വിദേശത്ത് നിന്ന് സ്വീകരിച്ച ഫണ്ടിൽ 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. ഗോകുലം സിനിമാസ് നിര്‍മിച്ച ചിത്രങ്ങള്‍ ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണം കൊണ്ടാണെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍.