- ഒരാളുടെ വൈരനിര്യാതനബുദ്ധി ഒരു കൂട്ടം അധികാരമോഹികളുടെ താൽപ്പര്യങ്ങൾക്കു വീര്യമായി. ആരുടെ രക്തവും നീരുമാണോ പാർട്ടിയുടെ സിരകളിൽ വേഗം കൂട്ടുന്നത്, അവരെത്തന്നെ വെട്ടിവീഴ്ത്തുകയാണ് ഈ അധമസംഘം ചെയ്തത്. തെറ്റുകൾ തിരുത്തി ത്യാഗധനരായ നേതാക്കളെ മുന്നിൽനിർത്തി പാർട്ടിയെ ശക്തിപ്പെടുത്താനല്ല, തങ്ങളുടെ സങ്കുചിത വിഭാഗീയ താൽപ്പര്യങ്ങളിലേക്ക് പാർട്ടിയെ ചുരുക്കിക്കൂട്ടാനാണ് അവർ ശ്രമിച്ചത്.
പിറകിൽനിന്നു വെട്ടേറ്റുവീണ പോരാളികളിൽ ഒരാളാണ് എം എം ലോറൻസ്. പിണറായിക്കും കോടിയേരിക്കും ബേബിക്കും മുമ്പേ പോളിറ്റ്ബ്യൂറോയിൽ എത്തേണ്ടിയിരുന്ന സി പി എം നേതാവ്. തൊഴിലാളിവർഗ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംഘാടകനും നായകനുമായിരുന്നു.
പി കെ കൊടിയനും പി ഗംഗാധരനും ടി കെ രാമകൃഷ്ണനും ശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായി 1967ൽ ലോറൻസ് എത്തുമ്പോൾ ഇന്നത്തെ നേതാക്കൾ അരങ്ങിലെത്തിയിരുന്നില്ല. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ അക്രമകാലം ഭരണകൂട മർദ്ദനങ്ങൾക്കെതിരെ തൊഴിലാളിയെ നട്ടെല്ലു നിവർത്തി നിർത്തുന്ന കാലമായിരുന്നു. ഓരോ ചുവടിലും പൊരുതിപ്പൊരുതിയാണ് കയറിയത്. ആരെയും കൂസിയിട്ടില്ല.
സി പി എം കേന്ദ്ര കമ്മറ്റി അംഗവും ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനറുമായിരിക്കെയാണ് സ്വന്തം പാർട്ടിയിലെ കുത്സിതസംഘം പിറകിൽനിന്നു വെട്ടിയത്. ഒരാളുടെ വൈരനിര്യാതനബുദ്ധി ഒരു കൂട്ടം അധികാരമോഹികളുടെ താൽപ്പര്യങ്ങൾക്കു വീര്യമായി. ആരുടെ രക്തവും നീരുമാണോ പാർട്ടിയുടെ സിരകളിൽ വേഗംകൂട്ടുന്നത്, അവരെത്തന്നെ വെട്ടിവീഴ്ത്തുകയാണ് ഈ അധമസംഘം ചെയ്തത്. തെറ്റുകൾ തിരുത്തി ത്യാഗധനരായ നേതാക്കളെ മുന്നിൽനിർത്തി പാർട്ടിയെ ശക്തിപ്പെടുത്താനല്ല, തങ്ങളുടെ സങ്കുചിത വിഭാഗീയ താൽപ്പര്യങ്ങളിലേക്ക് പാർട്ടിയെ ചുരുക്കിക്കൂട്ടാനാണ് അവർ ശ്രമിച്ചത്.
ലോറൻസിനെപ്പോലെയും കെ എൻ രവീന്ദ്രനാഥിനെപ്പോലെയുമുള്ള ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കൾ മുതൽ സി കെ പിയെപ്പോലെയുള്ള പിൽക്കാല കർഷകസംഘം നേതാക്കൾ വരെ ഈ പിൻവെട്ടുഹത്യയിൽ വീണുപോയവരാണ്. വർഗശത്രുക്കളല്ല സ്വന്തം പാളയത്തിലെ വർഗസഹോദരരാണ് അവരെ പുറത്തു നിർത്തിയത്. ചതിയൻ പടനായകരുടെ ചതിക്കഥയാണ് പാർട്ടിയുടെ കഥ എന്ന നിലവന്നത് അങ്ങനെയാണ്.
ലോറൻസിന്റെ മരണവിവരം അറിയുമ്പോൾ അൻവർകളിയിൽ മുഴുകുന്നവർക്ക് വിശേഷിച്ചൊന്നും തോന്നിക്കാണില്ല. പക്ഷേ, കേരളത്തിലെ തൊഴിലാളിവർഗത്തിന് വ്യസനകരമായ വാർത്തയാണത്. പോരാളികളുടെ ഒരു സൂര്യസാന്നിദ്ധ്യമാണ് മായുന്നത്. ലോറൻസ് ഇരിക്കേണ്ടിയിരുന്ന കസേരയിൽ അഹന്തയോടെ കയറിയിരിക്കുന്ന അൽപ്പവിഭവന്മാർക്ക് അനുശോചനവാക്കുകൾക്കു പഞ്ഞം കാണില്ല. ചതിച്ചുവെട്ടിയവരുടെ കൈകളിൽ ആ രക്തം ഉണങ്ങിക്കാണില്ല. ആ കൈകൾക്ക് ശുദ്ധി അവകാശപ്പെടാൻ ആവില്ല.
ലോറൻസ് സഖാവേ, ത്യാഗനിർഭരമായ ജീവിതംകൊണ്ട് അങ്ങു കമ്യൂണിസ്റ്റ് പാർട്ടിയെയും കേരളത്തെയും ചുവപ്പിച്ചുപോന്നു. ആ അനുഭവവും സ്മരണയും ഞങ്ങൾക്കു ശക്തി. ലാൽസലാം സഖാവേ, ലാൽസലാം!
(അന്തരിച്ച സി.പി.എം നേതാവും ഇടതു മുന്നണി മുൻ കൺവീനറുമായ എം.എം ലോറൻസിനെക്കുറിച്ച് സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ആസാദ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്)