ഹരിപ്പാട്(ആലപ്പുഴ) – മൈക്രോതലത്തിലേക്ക് കുടുംബങ്ങൾ ചുരുങ്ങുന്ന കാലത്ത് കുടുംബകൂട്ടായ്മകൾ അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല എം എൽ എ പറഞ്ഞു. പുത്തൻപുരയിൽ കുടുംബസംഗമം ഡാണാപ്പടി എം സി എം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയ്ക്ക് കുടുംബത്തിന്റെ ചരിത്രമോ, പഴയതലമുറയുടെ ജീവിത രീതികളോ അറിയില്ല. കാലം മാറുന്നതനുസരിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തണമെങ്കിലും പാരമ്പര്യം കൈവിടാതെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ലിവിംഗ് ടുഗദർ നമ്മുടെ നാട്ടിലും സാധാരണ സംഭവമായി. കുടുംബബന്ധങ്ങളുടെ വില മനസിലാക്കാത്തവരാണ് ഇത്തരം പ്രവർത്തിയിലേക്ക് നീങ്ങുന്നത്. വിവാഹ മോചന ക്കേസുകളുടെ എണ്ണം ദൈനംദിനം വർധിക്കുന്നു. ഇതിനൊക്കെ പരിഹാരം കുടുംബത്തിന്റെ പാരമ്പര്യമഹിമ ഉൾക്കൊണ്ടുള്ള കൂട്ടായ്മയാണെന്നും അദ്ദേഹം പറഞ്ഞു. പുത്തൻപുരയിൽ കുടുംബയോഗം രക്ഷാധികാരി മുഹമ്മദ് ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കൺവീനർ എ. മുഹമ്മദ് ഷാഫി, രക്ഷാധികാരി മുഹമ്മദ് സലിം, ഷാനിസ്ഖാൻ കുരുമ്പോലിൽ, അഡ്വ. വി ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു. കുടുംബബന്ധത്തെക്കുറിച്ച് കൽപ്പറ്റ ഗ്രീൻവാലി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ മാസ്റ്റർ ക്ലാസെടുത്തു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും കുടുംബസംഗമത്തിന്റെ ഭാഗമായി നടന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group