ഇടുക്കി– മൂന്നാർ ഗവൺമെന്റ് കോളജിൽ ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനായ പ്രൊഫസർ ആനന്ദ് വിശ്വനാഥൻ, തനിക്കെതിരായ പരാതിക്ക് പിന്നിൽ സിപിഎമ്മും എസ്എഫ്ഐയും പ്രവർത്തിച്ചുവെന്ന് ആരോപിച്ചു. പരീക്ഷാ നടത്തിപ്പിലെ ഗുരുതര ക്രമക്കേടുകൾ ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് വ്യാജ പരാതി ഉയർന്നതെന്നും, പൊലീസും വിദ്യാഭ്യാസ വകുപ്പും വേണ്ടവിധം അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം മീഡിയവണിനോട് വെളിപ്പെടുത്തി.
എന്നാൽ, മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഈ ആരോപണങ്ങൾ തള്ളി. പരാതിക്ക് പിന്നിൽ സിപിഎം ഗൂഢാലോചന നടത്തിയെന്ന ആരോപണം തെറ്റാണെന്നും, പരാതിയുമായി എംഎൽഎ ഓഫീസിനോ സിപിഎമ്മിനോ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടികൾ പരാതി നൽകിയ ശേഷമാണ് തന്നെ സമീപിച്ചതെന്നും, ആനന്ദ് വിശ്വനാഥൻ പരാതിക്കാരോട് ക്രൂരമായി പെരുമാറിയെന്നാണ് പെൺകുട്ടികൾ പറഞ്ഞതെന്നും രാജേന്ദ്രൻ അവകാശപ്പെട്ടു. പരാതിക്കാരുമായി വീണ്ടും ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.