കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ ആദിവാസി കുടുംബങ്ങളോട് വനം വകുപ്പിന്റെ കൊടും ക്രൂരത. അനധികൃതമെന്ന് പറഞ്ഞ് മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകൾ പൊളിച്ചു മാറ്റുകയായിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിൽ പെട്ട കൊല്ലിമൂല, പണിയ ഊരിലാണ് മറ്റൊരു താമസസ്ഥലം ഏർപ്പെടുത്താതെ, കണ്ണിൽ ചോരയില്ലാതെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ നടപടിയുണ്ടായത്. ഇതേ തുടർന്ന് ഭക്ഷണം പോലും കഴിക്കാതെ ഗർഭിണിയും കുഞ്ഞുമടക്കം മൂന്ന് ആദിവാസി കുടുംബത്തിലെ 16 കുടുംബാംഗങ്ങൾ രാത്രി കഴിഞ്ഞുകൂടിയത് ആനയും പുലിയുമെല്ലാം ഇറങ്ങുന്ന വനമേഖലയിലാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ഗോത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ച് ഓഫീസിന് മുന്നിൽ ആദിവാസികൾ കുത്തിയിരിപ്പ് സമരം നടത്തുകയാണിപ്പോൾ. പ്രശ്‌നത്തിന് പരിഹാരമാകുംവരേ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഷിബു കുട്ടനെ ഉപരോധിക്കുമെന്നും ഇവർ വ്യക്തമാക്കി. കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർക്കു പുറമെ പലരും സമരത്തിന് പിന്തുണയുമായി സ്ഥലത്തെത്തുന്നുണ്ട്.
ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കുടുംബാംഗങ്ങളെ ഭക്ഷണം കഴിക്കാൻ പോലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ലെന്നും ഇവർ പൊളിച്ചിട്ട ഊരിലാണ് കിടന്നുറങ്ങിയതെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു. പട്ടികജാതി-പട്ടിക വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ മണ്ഡലത്തിലാണ് സംഭവമെന്നും ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു.