തിരുവന്തപുരം– അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സിഗ്‌നലുകളിൽ ഇനി കാത്തുകിടക്കാതെ സഞ്ചരിക്കാം. തിരുവനന്തപുരം-കഴക്കൂട്ടം ജഗ്ഷനിൽ നടപ്പാക്കിയ എമർജൻസി വെഹിക്കിൾ പ്രയോറിറ്റി സിസ്റ്റം(ഇവിപിഎസ്) സാങ്കേതിക വിദ്യയുടെ പരീക്ഷണം വിജയിച്ചു. അടിയന്തിര വാഹനങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാനും പൊതുഗതാഗതം സുഗമമാക്കാനുമാണ് ഈ സംവിധാനം. നാറ്റ്പാക്കും കെൽട്രോണും സംയുക്തമായിട്ടാണ് ഇവിപിഎസ് വികസിപ്പിച്ചെടുത്തത്.
വാഹനവും സിഗ്നലും തമ്മിൽ തരംഗ സാങ്കേതിക വിദ്യയാൽ നേരിട്ട് ആശയ വിനിമയം നടത്തുന്നതിനാൽ കൂടുതൽ കാര്യക്ഷമവും വേഗത്തിലും പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. പരീക്ഷണത്തിൽ അടിയന്തിര സാഹചര്യങ്ങളിലെ യാത്രാസമയം ഗണ്യമായി കുറഞ്ഞതായാണ് കാണിക്കുന്നത്. ഈ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. വാഹനങ്ങളെ കൂടുതൽ ദൂരത്തിൽ നിന്ന് തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ സെൻസറുകൾ പരിഷ്‌കരിക്കുകയാണ് ലക്ഷ്യം. രക്ഷാപ്രവർത്തനങ്ങൾക്ക് ഈ സാങ്കേതിക വിദ്യ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്.