കൊച്ചി: ലൈംഗിക പീഡന ആരോപണ കേസ് കോടതി പരിഗണനയിൽ ആയതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാവില്ലെന്ന് നടൻ ജയസൂര്യ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ടിന് പിന്നാലെ ഉയർന്ന ലൈംഗികാതിക്രമക്കേസ് പുറത്തുവന്നതിനു ശേഷം താരം ആദ്യമായി കേരളത്തിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അമേരിക്കയിൽനിന്ന് കുടുംബത്തോടൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തിൽ എത്തിയത്.
കേസ് രണ്ടും കോടതിയിൽ ഇരിക്കുന്നതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയാനാവില്ല. അഭിഭാഷകൻ കൃത്യമായി ഒരു ദിവസം പറയും. അന്ന് നമുക്ക് കാണാം. നമ്മൾ എന്തായാലും കാണുമെന്നും ജയസൂര്യ പറഞ്ഞു.
നടിയുടേത് വ്യാജ പരാതിയാണോ എന്ന ചോദ്യത്തിന് ‘നിങ്ങൾക്കെല്ലാം വഴിയെ മനസിലാകും’ എന്നായിരുന്നു മറുപടി. ആരോപണമുയർന്ന സമയത്ത് നടൻ കുടുംബസമേതം അമേരിക്കയിലായിരുന്നു. അന്ന് ആരോപണങ്ങൾ വ്യാജമാണെന്ന് നടൻ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
രണ്ട് നടിമാരാണ് നടനെതിരേ പീഡന പരാതിയുമായി രംഗത്തുവന്നത്. ഇതിൽ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഈ പരാതിയിലുള്ളത്.
2013-ൽ തൊടുപുഴയിൽ നടന്ന സിനിമാ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചെന്നാണ് മറ്റൊരു നടിയുടെ പരാതി. ഇക്കാര്യമുന്നയിച്ച് നടി, ഐ ജി.ജി പൂങ്കുഴലിക്ക് മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടനെതിരേ കരമന പോലീസ് കേസെടുത്തിട്ടുണ്ട്.