മലപ്പുറം– കൂരിയാട് ദേശീയപാത 66 തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ കമ്പനിയെ ഡീബാര്‍ ചെയ്തത് നിര്‍മാണ പ്രവൃത്തി അനന്തമായി നീളാന്‍ ഇടയാക്കരുതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. റോഡ് തകര്‍ന്ന സംഭവത്തില്‍ ഡി.പി.ആര്‍ കണ്‍സള്‍ട്ടന്റ് കമ്പനിക്കും കോണ്‍ട്രാക്ട് ഏറ്റെടുത്ത കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രത്തില്‍ നിന്നുള്ള രണ്ടംഗ വിദഗ്ദ സമിതി പ്രാഥമിക വിവരം നല്‍കിയതിന് പിന്നാലെയാണ് കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ദേശീയപാത അതോറിറ്റി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ തുടര്‍ കരാറുകളില്‍ കമ്പനിക്ക് പങ്കെടുക്കാന്‍ കഴിയില്ല. ദേശീയപാത നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടിങ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് കമ്പനികളിലെയും രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു.
കേന്ദ്രം കമ്പനികളെ ഡീബാര്‍ ചെയ്തതിന്റെ പേരില്‍ നിര്‍മാണ പ്രവൃത്തി അനന്തമായി നീണ്ടുപോവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. അതോടൊപ്പം പരാതികളുള്ള മറ്റുള്ള സ്ഥലങ്ങളില്‍ കൃത്യമായി പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെയ് 19നാണ് മലപ്പുറം കൂരിയാട് ദേശീയപാതയിലെ ഒരു ഭാഗവും സര്‍വീസ് റോഡും തകര്‍ന്ന് വീണ് രണ്ട് കാറുകള്‍ അപകടത്തില്‍ പെടുകയും നാല് പേര്‍ക്ക പരുക്കേല്‍ക്കുകയും ചെയ്തത്. സമാന സംഭവങ്ങള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.