തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും ഇ.പി പരാതിയിൽ പറയുന്നു.
ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താൻ എഴുതി പൂർത്തിയാക്കാത്ത പുസ്തകം ബുധനാഴ്ച രാവിലെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. ഇക്കാര്യത്തിൽ ഡി സി ബുക്‌സ് ഉടമയെ അടക്കം ബന്ധപ്പെട്ടെന്നും രവി ഡി.സി ഇക്കാര്യങ്ങൾ അന്വേഷിക്കാമെന്ന് പറഞ്ഞതായും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു വാർത്ത പുറത്തുവന്നത് തനിക്കെതിരായ ആസൂത്രിതമായ നീക്കമാണെന്ന് ഇ പി ജയരാജൻ ആരോപിച്ചു. തന്റെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് പറയുന്നത് ഡി സി ബുക്‌സിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ ഭാഗങ്ങൾ എഡിറ്റ് ചെയ്യാനായി വിശ്വസ്തനായ ഒരു മാധ്യമപ്രവർത്തകനെ ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ കൈയിൽനിന്നും ഇത് പുറത്തുപോകുമെന്ന് കരുതുന്നില്ലെന്നും ഇ പി പ്രതികരിച്ചു.
നിർണായകമായ ചേലക്കര, വയനാട് ഉപതെരഞ്ഞടുപ്പുകൾക്കായി ജനങ്ങൾ പോളിംഗ് ബൂത്തിൽ ക്യൂ നിൽക്കുമ്പോഴാണ് ഇ.പിയുടെ ‘കട്ടൻചായയും പരിപ്പുവടയും’ എന്ന ആത്മകഥാ പുസ്തക വിവാദം ഇന്നുണ്ടായത്.
ഒന്നാം പിണറായി സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം രണ്ടാം പിണറായി സർക്കാരിനില്ലെന്നും, താരതമ്യേന ദുർബലമാണെന്നുമുള്ള വിമർശമാണ് ആത്മകഥയിൽ ഉള്ളതെന്നാണ് റിപോർട്ടുകൾ.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാർട്ടിയെ കൂടുതൽ വെട്ടിലാക്കി ഡോ. പി സരിനെതിരെയും പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും സരിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ എന്നുമാണ് ആത്മകഥയിലുള്ളതെന്നാണ് വിവരം.
എന്നാൽ, പാലക്കാട്ടെ സ്ഥാനാർത്ഥിത്വത്തിലും വിവാദമുണ്ടായതോടെ അത് മറികടക്കാനെന്നോണം, ഇ.പിയെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. സരിനായി നാളെ ഇ.പി ജയരാജൻ പാലക്കാട് മണ്ഡലത്തിൽ എത്തുമെന്നാണ് നേതാക്കൾ അറിയിച്ചത്.