- തെരഞ്ഞെടുപ്പ് ദിവസം പാർട്ടിയിലെ പുഴുക്കുത്ത് സമീപനങ്ങൾക്കെതിരെ മുമ്പും സമാന സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് നിർണായകമായ ഒരു ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെ വി.എസ് വടകരയിലെ വീട്ടിലെത്തി കണ്ടത് ആരും മറന്നിട്ടുണ്ടാകില്ലെന്നും കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എം.എൽ.എ
കോഴിക്കോട്: ഇ.പി ജയരാജൻ സി.പി.എമ്മിലെ തിരുത്തൽ ശക്തിയാണെന്ന് കോൺഗ്രസ് നേതാവ് അഡ്വ. ടി സിദ്ദിഖ് എം.എൽ.എ. പണ്ട് ടി പി ചന്ദ്രശേഖരൻ കൊലപാതകത്തിൽ വി എസ് അച്യുതാന്ദൻ എടുത്ത നിലപാടാണ് ഇന്ന് ഇ പി ആവർത്തിച്ചതെന്ന് സിദ്ദീഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ദിവസം പാർട്ടിയിലെ പുഴുക്കുത്ത് സമീപനങ്ങൾക്കെതിരെ മുമ്പും സമാന സംഭവം ഉണ്ടായിട്ടുണ്ട്. 2012-ലെ നിർണായകമായ നെയ്യാറ്റിൻകരയിലെ ഉപതെരഞ്ഞെടുപ്പ് മുഖത്ത് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെ വി.എസ് കണ്ടത് ആരും മറന്നിട്ടുണ്ടാകില്ല. അന്ന് പാർട്ടി കൊലപാതകികൾക്കൊപ്പമായിരുന്നു. വി.എസ് ഇരക്കൊപ്പവും.
പാർട്ടിക്കകത്തെ പുഴുക്കുത്തുകളെ കുറിച്ചാണ് ഇ.പി സംസാരിക്കുന്നത്. പാലക്കാട്ട് പി സരിനെ സ്ഥാനാർത്ഥിയാക്കിയത് ശരിയല്ലെന്ന് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് പറയുന്നത്. ഇടതുപക്ഷത്തിന്റെ മനസ് എവിടെയാണെന്നാണ് ഇ.പി പറഞ്ഞുവെക്കുന്നത്. പിണറായി വിജയനെയാണ് ഇ.പി ചോദ്യം ചെയ്യുന്നത്. ഇത് തെരഞ്ഞെടുപ്പിൽ ഗൗരവമായി പ്രതിഫലിക്കും. താത്ക്കാലിക രാഷ്ട്രീയ ലാഭത്തിനായി എടുക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധത പാർട്ടിക്കകത്തുനിന്ന് തന്നെ ചോദ്യങ്ങൾ ഉയർത്തുകയാണെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.