വയനാട്– മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിൽ ആദിവാസി ഭൂമിയെ ഒഴിവാക്കാതിരുന്നത് ആദിവാസി സമൂഹത്തിന് തിരിച്ചടി ആയെന്നും ഇ എം എസ്സിന് ഇക്കാര്യത്തിൽ തെറ്റ് സംഭവിച്ചുവെന്നും പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ.
വയനാട് എം.പി. പ്രിയങ്ക ഗാന്ധിയുടെ സമീപകാല സന്ദർശനത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ചെറുവയൽ രാമൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രിയങ്കയുമായി കൂടിക്കാഴ്ച ഏറെ ഹൃദ്യമായിരുന്നുവെന്നും ഒരു അച്ഛനും മകളും എന്നപോലെയാണ് സംസാരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
“രണ്ടര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ആദിവാസി സമൂഹത്തിന്റെ വിഷയങ്ങളും ഭൂമി സംബന്ധമായ പ്രശ്നങ്ങളും ചർച്ചയായി. ഇതിനിടെ, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിൽ ആദിവാസി ഭൂമിയെ ഒഴിവാക്കാതിരുന്നതിനെക്കുറിച്ചും പ്രിയങ്കാ ഗാന്ധിയോട് പറഞ്ഞു”- ചെറുവയൽ രാമൻ വിശദീകരിച്ചു.
1960-കളിൽ ഇ.എം.എസ്. ഗവൺമെന്റിന്റെ കാലത്ത് നടപ്പാക്കിയ ഭൂപരിഷ്കരണ നിയമം ആദിവാസി ഭൂമിയെ പരിധിയിൽ നിന്ന് ഒഴിവാക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിനാൽ ആദിവാസി സമുദായത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ ഒരു വലിയ പങ്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇ.എം.എസ്. ഗവൺമെന്റിന് ഇക്കാര്യത്തിൽ വീഴ്ച പറ്റി” എന്നും അദ്ദേഹം പ്രിയങ്ക ഗാന്ധിയോട് വ്യക്തമാക്കി.
അതേസമയം, അടിയന്തരാവസ്ഥ കാലത്ത് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പാസാക്കിയ ഭൂപരിഷ്കരണ നിയമത്തെ രാമൻ പ്രശംസിച്ചു. “ഇന്ദിരാ ഗാന്ധിയുടെ നിയമം ഇന്നും നൂറ് ശതമാനം പ്രാബല്യത്തിലുണ്ട്. അതുകൊണ്ടാണ് ആദിവാസികൾക്ക് ഭൂമിയുടെ അവകാശം ഇന്നും നിലനിൽക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.
പ്രിയങ്ക ഗാന്ധിയുമായുള്ള ചർച്ചയിൽ ആദിവാസി സമുദായത്തിന്റെ മതപരമായ ഐഡന്റിറ്റിയും ചർച്ചയായി. “ആദിവാസികൾ ഹിന്ദുക്കളാണോ? ഹിന്ദു നിയമങ്ങൾ ഞങ്ങൾക്ക് ബാധകമാക്കുന്നുണ്ട്, പക്ഷേ ഞങ്ങൾ യഥാർത്ഥത്തിൽ ഹിന്ദുക്കളല്ല,” എന്ന് ചെറുവയൽ രാമൻ പറഞ്ഞു. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കണമെന്നും ആദിവാസി സമുദായത്തിന് കൂടുതൽ സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം പ്രിയങ്കയോട് ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയിൽ കുടുംബ കാര്യങ്ങളും പാട്ടും കഥകളും പങ്കുവെച്ചതായി രാമൻ പറഞ്ഞു. ആദിവാസി പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ഒരു പാട്ട് അദ്ദേഹം പ്രിയങ്കയ്ക്കായി പാടിക്കൊടുക്കുകയും ചെയ്തു.
ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. വയനാടിന്റെ ആദിവാസി സമുദായത്തിന്റെ പ്രശ്നങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കേണ്ടതിന്റെ ആവശ്യകതയാണ് ചെറുവയൽ രാമന്റെ വാക്കുകൾ ഉയർത്തിക്കാട്ടുന്നത്.
പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലെ ജനങ്ങളുമായുള്ള തന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടത്തിയത്. ആദിവാസി സമുദായത്തിന്റെ അവകാശങ്ങൾക്കായി പാർലമെന്റിൽ ശബ്ദമുയർത്തുമെന്ന് പ്രിയങ്ക ഉറപ്പുനൽകിയിരുന്നു.