വടകര: പേരാമ്പ്ര പൈതോത്ത് ഭാഗത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി ഭിതി പരത്തിയ കാട്ടാനയെ മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിൽ കാട്ടിലേക്ക് തുരത്തി. പേരുവെണ്ണാമുഴി വനത്തിൽ നിന്ന് ഇന്ന് പുലർച്ച മോഴ, പേരാമ്പ്ര ബൈപ്പാസിനോട് ചേർന്ന് കുന്നിൽ മുകളിൽ ഏറെ നേരം തമ്പടിച്ചു. ഉച്ചയ്ക്ക് 12:30 കുന്നിറങ്ങിയ ആന കാട്ടിലേക്ക് മടക്കയാത്ര തുടങ്ങിയെങ്കിലും ജനവാസ മേഖലയില്‍ ഭീതിപരത്തുന്നത് തുടര്‍ന്നു. വൈകിട്ട് 3.15ഓടെയാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്താനായത്.
ഉച്ചയ്ക്കുശേഷം പള്ളിത്താഴെ, കിഴക്കേ പേരാമ്പ്ര, എന്നിവിടങ്ങളിലൂടെ ഭീതിപരത്തി ഓടിയ കാട്ടാനയെ വനമേഖലയുടെ നാലു കിലോമീറ്റര്‍ അകലെ വരെ എത്തിച്ചെങ്കിലും ആശങ്ക ഒഴിഞ്ഞിരുന്നില്ല. വനമേഖലയിൽ നിന്ന് നാലു കിലോമീറ്റര്‍ അകലെ ഏറെ നേരം ആന തമ്പടിച്ചു.
ആനക്ക് തടസ്സങ്ങൾ ഇല്ലാതെ മടങ്ങാൻ വനംവകുപ്പ് വഴിയൊരുക്കി. കോഴിക്കോട് ഡി.എഫ്.ഒ ആഷിക്കിന്‍റെ നേതൃത്വത്തിൽ ആണ് ആനയെ തുരത്തിയത്. തിരുവോണ ദിനത്തില്‍ ആളുകളെ ഭീതിയിലാഴ്ത്തിയാണ് കാട്ടാനയുടെ പരാക്രമം.
തുരത്തലിനൊടുവിൽ പട്ടാണിപ്പാറ ഭാഗത്തേക്ക് നീങ്ങിയ കാട്ടാന പിണ്ഡപ്പാറപ്പുഴ കടന്നാണ് കാട്ടിലേക്ക് പോയത്. കാട്ടാന ഇനിയും തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.