കണ്ണൂർ – ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കണ്ണൂരിൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് ഇരു മുന്നണികളും തമ്മിൽ വാക്പോര്. സുധാകരൻ ബി.ജെ.പിയിലേക്ക് പോവുമെന്ന് പഴയ പ്രസ്താവനകളെ അടിസ്ഥാനമാക്കി സമൂഹമാധ്യമങ്ങളിൽ എൽ.ഡി.എഫ് വ്യാപക പ്രചാരണം അഴിച്ചുവിട്ടപ്പോൾ, തൻ്റെ പട്ടി പോലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് തിരിച്ചടിച്ചാണ് സുധാകരൻ ഇതിനെ പ്രതിരോധിച്ചത്. എന്നാൽ, പട്ടിക്ക് വിശേഷബുദ്ധിയുണ്ടെന്നും അത് ഒരിക്കലും ബി.ജെ.പിയിൽ പോകില്ലെന്നുമാണ് ഇടതു സ്ഥാനാർഥി എം.വി.ജയരാജൻ ഇതിനെതിരെ പ്രതികരിച്ചത്.
കെ.പി.സി.സി പ്രസിഡണ്ടായതിനാൽ മത്സര രംഗത്തേക്കില്ലെന്ന് പ്രസ്താവിച്ച കെ.സുധാകരൻ, ഹൈക്കമാന്റ് നിർദ്ദേശത്തെത്തുടർന്നാണ് ഏറെ വൈകി വീണ്ടും സ്ഥാനാർഥിയായത്. ഇതിനകം തന്നെ ഇടതു മുന്നണി മണ്ഡലം പിടിക്കുന്നതിന് ശക്തനായ എം.വി.ജയരാജനെ രംഗത്തിറക്കി പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയിരുന്നു.
കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കണ്ണൂർ. പ്രചാരണത്തിൻ്റെ അവസാനഘട്ടത്തിൽ കെ.സുധാകരൻ ഒപ്പത്തിനൊപ്പമെത്തിയെങ്കിലും, കണ്ണൂരിൽ തെരഞ്ഞെടുപ്പു ഫലം ഫോട്ടോ ഫിനിഷിംഗിലാണ് അവസാനിക്കുകയെന്നാണ് ഇരു മുന്നണികളും കണക്കുകൂട്ടുന്നത്.
2019ലെ യു.ഡി.എഫ് തരംഗത്തിൽ കെ.സുധാകരൻ 94000 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. എന്നാൽ ഇതിന് പിന്നാലെ കെ.പി.സി.സി പ്രസിഡണ്ട് പദം ഏറ്റെടുത്തതോടെ കെ.സുധാകരന് മണ്ഡലത്തിൻ്റെ കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെ ആരോഗ്യപരമായ പ്രശ്നങ്ങളാലും മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളിലും ഇദ്ദേഹത്തിന് പങ്കെടുക്കാനായില്ല. വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്കിടയിൽ ഈ നീരസം പ്രകടമാണ്. ഈ നീരസം വോട്ടാക്കി മാറ്റാനുള്ള ആസൂത്രിത പ്രചാരണമാണ് എൽ.ഡി.എഫ് നടത്തിയത്. മാത്രമല്ല, എം.വി.ജയരാജൻ, ഇടതുപക്ഷത്തിന് അവതരിപ്പിക്കാവുന്ന മികച്ച സ്ഥാനാർഥിയുമാണ്. സാധാരണക്കാരുമായി ഇടപെടുന്ന ഇദ്ദേഹത്തിന് കണ്ണൂരിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാനാവുമെന്ന് നേതൃത്വവും കണക്കുകൂട്ടുന്നു.
ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലെ മേൽക്കോയ്മയും, കണ്ണൂരിലെ മുസ്ലിം ന്യൂനപക്ഷ വോട്ടുകളും സുധാകരനെ പിൻതുണയ്ക്കുമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്. കണ്ണൂർ മണ്ഡലത്തിലെ 38 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകളാണ് എന്നും വിജയിയെ തീരുമാനിക്കുന്നത്. ഈ വോട്ടുകളിൽ കണ്ണും നട്ടാണ് ഈ മുന്നണികളും പ്രചാരപ്രവർത്തനങ്ങൾ തയ്യാറാക്കിയിരുന്നത്. മുസ് ലിം ലീഗുകാർ കളത്തിലിറങ്ങിയാൽ സുധാകരന് അനായാസ വിജയമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.
ലീഗ് പ്രവർത്തകർ മാറി നിന്ന സമയങ്ങളിലെല്ലാം സുധാകരൻ കണ്ണൂരിൽ പരാജയപ്പെട്ടിട്ടുണ്ടെന്നതാണ് വാസ്തവം. മറുഭാഗത്ത് സി.പി.എം സംവിധാനങ്ങൾ എം.വി.ജയരാജനു വേണ്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതോടെ ഫലം പ്രവചനാതീതമായി. സി.പി.എം ശക്തികേന്ദ്രങ്ങളിൽ നിന്ന് പരമാവുധി വോട്ടുകൾ സമാഹരിക്കാനുള്ള വിധത്തിലുള്ള പ്രചാരണമാണ് സി.പി.എം ഒരുക്കിയത്.
ന്യൂനപക്ഷ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന ലക്ഷ്യമിട്ട് കെ.സുധാകരനെതിരെ ബി.ജെ.പി. ബന്ധം ആരോപിക്കുന്ന വിധത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് സി.പി.എം തുടക്കം മുതൽ നടത്തിയത്.
സുധാകരൻ്റെ അനുയായി ബി.ജെ.പി സ്ഥാനാർഥിയായി, പി.എ, ബി.ജെ.പിയിലെത്തി തുടങ്ങിയ രീതിയിലുള്ള പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം നടത്തിയത്. ഇതിന് മറുപടിയായി, തൻ്റെ പട്ടി ടോമി പോലും ബി.ജെ.പിയിൽ പോകില്ലെന്നാണ് സുധാകരൻ പറഞ്ഞത്. പട്ടിക്ക് വിശേഷബുദ്ധിയുള്ളതിനാൽ പോകില്ല. എന്നാൽ മനുഷ്യൻ പോകും എന്നായിരുന്നു എം.വി.ജയരാജൻ്റെ പ്രതികരണം.
അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിലെ ലീഗ് പ്രവർത്തകരും, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രവർത്തകരും രംഗത്തിറങ്ങിയാൽ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. മാത്രമല്ല, കഴിഞ്ഞ തവണ എസ്.ഡി.പി.ഐ 8000 ത്തോളം വോട്ടുകൾ നേടിയിരുന്നു. എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും യു.ഡി.എഫിന് പിൻതുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ വോട്ടുകളും പെട്ടിയിൽ വീഴുമെന്നിവർ കണക്കുകൂട്ടുന്നു. എന്നാൽ, കണ്ണൂർ മണ്ഡലത്തിൽ ഇത്തവണ അടിയൊഴുക്കുകൾ ഫലം പ്രവചനാതീതമാക്കുന്നുവെന്നതാണ് യാഥാർഥ്യം.