കണ്ണൂർ – ലോക്സഭാ തെരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ട് സി. പി. എമ്മും ഇടത് സൈബർ ഗ്രൂപ്പുകളും തമ്മിലുളള പോര് മുറുകുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ ഇടത് സ്വഭാവമുള്ള സൈബർ ഗ്രൂപ്പുകളെ വിലക്കെടുത്തുവെന്ന സി. പി. എം ജില്ല സെക്രട്ടറി എം. വി. ജയരാജന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഗ്രൂപ്പായ പോരാളി ഷാജി രംഗത്ത്. പൈസ വാങ്ങി കുനിഞ്ഞ് നിൽക്കാൻ ഞങ്ങൾക്ക് ബിനാമി ബിസിനസ് ഇല്ലെന്ന് പോരാളി ഷാജി തിരിച്ചടിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ തോൽവിക്ക് കാരണം അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്ന് പോരാളി ഷാജി പോസ്റ്റിൽ പറയുന്നു. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ലെന്നും, ജനം എല്ലാം കണ്ടതുകൊണ്ടാണ് 19 ഇടത്തും എട്ടുനിലയിൽ പൊട്ടിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽക്കാനുള്ള 19 കാരണങ്ങൽ ചൂണ്ടിക്കാട്ടിയാണ് പോരാളി ഷാജിയുടെ പോസ്റ്റ്. 6 മാസം പെൻഷൻ മുടങ്ങിയതുൾപ്പെടെയുള്ള കാരണങ്ങൾ പോരാളി ഷാജി ചൂണ്ടിക്കാണിക്കുന്നു.
സി.പി.എമ്മിനെ വിമർശിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ശൈലി എന്നത് പോരാളി ഷാജി പേജിന്റെ ശൈലിയല്ല. ഇത്തരം സൈബർ അക്രമം നടത്തുന്നത് പാർട്ടിയുമായി ബന്ധപ്പെട്ട മുഖമുള്ള ഒരുവിഭാഗം അണികളാണെന്നും പോരാളി ഷാജി പറയുന്നു. ഇത് മറുപടി അല്ല ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഇടത് അനുകൂലി ആണെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും പോരാളി ഷാജ് പറയുന്നു.
സമൂഹ മാധ്യമങ്ങളിൽ ഒറ്റ നോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് എടുക്കപ്പെട്ടു എന്നും ജയരാജൻ പറഞ്ഞു. സോഷ്യൽ മീഡിയ മാത്രം നോക്കി നിൽക്കുന്ന ശീലം ചെറുപ്പക്കാരിൽ വ്യാപകമായി വളർന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പിൽ ഇടതിനെതിരെ ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും എം.വി ജയരാജൻ പറഞ്ഞു.
ഇടതുപക്ഷമെന്ന് നമ്മൾ കരുതുന്ന പല സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളെയും വിലയ്ക്ക് വാങ്ങുകയാണെന്നായിരുന്നു എം. വി. ജയരാജൻ ആരോപിച്ചിരുന്നത്
ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി അത്തരം ഗ്രൂപ്പുകൾ കാണുമ്പോൾ ഇടതുപക്ഷ അനുകൂലമെന്ന് നമ്മൾ കരുതുകയും അതിനെ തന്നെ ആശ്രയിക്കും ചെയ്യും. എന്നാൽ ആ ഗ്രൂപ്പ് അഡ്മിൻമാരെ വിലയ്ക്ക് വാങ്ങുകയാണ്. വിലയ്ക്ക് വാങ്ങിക്കഴിഞ്ഞാൽ നേരത്തെ നടത്തിയതിന് വിപരീതമായി ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് പിന്നെ വരുന്നത്. ഇതു പുതിയ കാലത്തെ വെല്ലുവിളിയാണെന്നും എം വി ജയരാജൻ ആരോപിച്ചിരുന്നു.
സി. പി. എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനു പിൻതുണ പ്രഖ്യാപിച്ചതിന്റെ പേരിൽ പി. ജെ. ആർമി എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിനെ സി. പി. എം നേരത്തെ ഒഴിവാക്കിയിരുന്നു. ഇത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.