തിരുവനന്തപുരം– 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാർച്ച് ആദ്യവാരം കേരളത്തിലെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരുമടങ്ങുന്ന പൂർണ്ണ കമ്മിഷനാണ് സംസ്ഥാനം സന്ദർശിക്കുന്നത്. കമ്മിഷന്റെ സന്ദർശനത്തിന് ശേഷമാകും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുക
സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവരുമായി കമ്മിഷൻ ചർച്ച നടത്തും. ക്രമസമാധാന നിലയും വോട്ടിങ് സാമഗ്രികളുടെ സജ്ജീകരണവും സംഘം വിലയിരുത്തും.
പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി കമ്മിഷൻ കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് തീയതി, ബൂത്തുകളുടെ സൗകര്യം തുടങ്ങിയ കാര്യങ്ങളിൽ പാർട്ടികളുടെ നിർദ്ദേശങ്ങൾ കമ്മിഷൻ തേടും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം (ഫെബ്രുവരി 16-18), തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് കമ്മിഷൻ കേരളത്തിലെത്തുക. കേരളത്തിന് ശേഷമാകും ബംഗാൾ സന്ദർശനം.
മാർച്ച് പകുതിയോടെ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ വോട്ടെടുപ്പ് നടന്നേക്കും. കേരളത്തിൽ ഏപ്രിൽ ആദ്യവാരം തന്നെ വോട്ടെടുപ്പിന് സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു.



