തിരുവനന്തപുരം – തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂരിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ താക്കീത്. എന്‍ ഡി എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തിലാണ് കമ്മീഷന്‍ താക്കീത് നല്‍കിയത്. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്നായിരുന്നു തരൂരിന്റെ ആരോപണം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ബി ജെ പിയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി.
ഒരു ന്യൂസ് ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തീരദേശ മേഖലയിലാണ് ഇത്തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയെത്തിയത്. തുടര്‍ന്ന് ഈ ആരോപണത്തിനുള്ള തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ തരൂരിന് നോട്ടീസയച്ചു. എന്നാല്‍ തെളിവ് ഹാജരാക്കിയില്ല. താന്‍ മറ്റുള്ളവര്‍ പറഞ്ഞുകേട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് തരൂര്‍ അറിയിച്ചത്. ഇതോടെയാണ് തരൂരിനെ താക്കീത് ചെയ്തത്.