തിരുവനന്തപുരം: സ്‌കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന് പ്രശസ്ത നടി അഞ്ചുലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പിൻവലിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
സിനിമയും പണവുമായപ്പോൾ കലോത്സവത്തിലൂടെ ഉയർന്നുവന്ന ഒരു പ്രശസ്ത നടിക്ക് അഹങ്കാരമായെന്നും വന്ന വഴി മറക്കരുതെന്നും നടിയുടെ പേര് വെളിപ്പെടുത്താതെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ അനുകൂലിച്ചും വിമർശിച്ചും വ്യാപക ചർച്ച ഉയർന്നതോടെയാണ് മന്ത്രി പ്രസ്താവന പിൻവലിച്ചതായി അറിയിച്ചത്.
‘വെഞ്ഞാറമൂടിലെ എന്റെ പ്രസ്താവന പിൻവലിക്കുകയാണെന്നാണ് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. കലോത്സവത്തിന്റെ ലോഗോ പ്രകാശനം കഴിഞ്ഞതേയുള്ളൂ. ഇനി എന്തെല്ലാം പ്രവർത്തനങ്ങൾ നടക്കാനിരിക്കുന്നു. അപ്പോഴേക്കും വിവാദങ്ങൾ തുടങ്ങി. ഇത് കുട്ടികൾക്കും കലോത്സവ നടത്തിപ്പിനെയും ബാധിക്കും. കുട്ടികളുടെ ആത്മവിശ്വാസത്തെ തകർക്കുന്ന ഒരു പ്രസ്താവനക്കുമില്ല. എല്ലാ വിവാദങ്ങളും അവസാനിക്കണം. ഞാൻ നടത്തിയ വിവാദ പ്രസ്താവന പിൻവലിക്കുകയാണെന്നും അതേക്കുറിച്ച് ഇനി ചർച്ച വേണ്ടെന്നും, കലോത്സവത്തിന്റെ നൃത്താവിഷ്‌കാരം ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും’ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.