ചെന്നൈ– മലയാളി വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട്, കൊച്ചി, ചെന്നൈ ഓഫീസുകളില്‍ വിശദമായ പരിശോധനയാണ് നടക്കുന്നത്.
പൃഥിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് ഗോകുലം ഗോപാലന്‍. ലെയ്ക്ക പ്രൊഡക്ഷന്‍ എമ്പുരാന്‍ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഗോകുലം ഗോപാലന്‍ ചിത്രത്തിൻറെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. സിനിമയില്‍ ഗുജറാത്ത് കലാപരംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നതിനെ തുടര്‍ന്ന് സംഘപരിവാര്‍ എമ്പുരാനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. സംഘപരിവാര്‍ മുഖപത്രമായ ഓര്‍ഗനൈസര്‍ സംവിധായകന്റെ വിദേശ യാത്രകളും തീവ്രവാദ ബന്ധവും പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു.
പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലാന്‍ ഗോപാലന്‍ പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്ക് പരിഹാരമെന്നോണം നിര്‍മ്മാതാക്കളും സംവിധായകനും സീനുകള്‍ നീക്കം ചെയ്തും ചില വാക്കുകള്‍ മ്യൂട്ട് ചെയ്തും പുതിയ പതിപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ കക്ഷികളുമായും ബന്ധമില്ലെന്നും സിനിമ നിര്‍മ്മിക്കുന്നത് ആരെയും വിഷമിപ്പിക്കാനല്ല, മറിച്ച് ആളുകളെ സന്തോഷിപ്പിക്കാനാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു.