തൃശൂർ: തൃശൂർ ജില്ലയിലെ സിപിഎം നേതൃത്വത്തെ വിവാദത്തിലാഴ്ത്തിയ ശബ്ദരേഖ സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. മുൻ മന്ത്രി എ.സി. മൊയ്തീനും എം.കെ. കണ്ണനും എതിരെ ശരത് ഉന്നയിച്ച ആരോപണങ്ങൾ അടങ്ങിയ ശബ്ദരേഖ ചോർന്നതാണ് നടപടിക്ക് കാരണം. ശരത്തിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് താഴ്ത്തിയെങ്കിലും, ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ശരത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ശരത് പ്രസാദ്, ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. വിവാദത്തിന് പിന്നാലെ നിബിനെ സിപിഎം പുറത്താക്കിയിരുന്നു.
ശബ്ദരേഖയിലെ പ്രധാന ആരോപണങ്ങൾ:
മുൻപ് കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന എം.കെ. കണ്ണൻ ഇപ്പോൾ കോടിക്കണക്കിന് രൂപയുടെ ആസ്തിയുടെ ഉടമയാണ്. “അവർ വലിയ ഡീലർമാരാണ്.”
എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരിക്കുമ്പോൾ മാസം 5,000-8,000 രൂപ പിരിക്കാം; ജില്ലാ ഭാരവാഹിയാകുമ്പോൾ 25,000 രൂപ; പാർട്ടി കമ്മിറ്റി അംഗമായാൽ 75,000-1,00,000 രൂപ.
“സിപിഎമ്മിൽ ആർക്കാണ് കാശില്ലാത്തത്? ഒരു ഘട്ടം കഴിഞ്ഞാൽ നേതാക്കൾ കോടീശ്വരന്മാരാകും.”