പാലക്കാട്/ഷാർജ: പാലക്കാട്ടെ തീ പാറുന്ന ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാനായി കടൽ കടന്ന് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. സരിൻ. ഭാര്യ ഡോ. സൗമ്യയുടെ പുസ്തക പ്രകാശന ചടങ്ങിനാണ് സരിൻ അപ്രതീക്ഷിതമായി ഷാർജയിൽ എത്തിയത്.
ഇന്നലെ ഉച്ചയ്‌ക്കെത്തി രാത്രി തന്നെ ഡോ. സരിൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെ, ചിന്ത പബ്ലിക്കേഷൻ സ്റ്റാളിൽ നിന്നൊരു ചായയും പരിപ്പുവടയും കഴിച്ച് സൗഹൃദ സംഭാഷണങ്ങളിലും കൂടിക്കാഴ്ച്ചകളിലും നിറഞ്ഞുനിന്നു. പുസ്തകോത്സവത്തിനിടെ, മറ്റു സ്റ്റാളുകളിൽ പോയി പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും കൈമാറുകയുമൊക്കെ ചെയ്ത സരിൻ സൗമ്യയുടെ പുസ്തക പ്രകാശനത്തിന് സദസ്സിലാണ് ഇരുന്നത്. ചടങ്ങു കഴിഞ്ഞ് ഫോട്ടോ സെഷന് ക്ഷണിച്ചെങ്കിലും സ്‌നേഹപൂർവ്വം നിരസിച്ച് സരിൻ സദസ്സിൽ തന്നെ തുടരുകയായിരുന്നു.
‘ഈ സന്തോഷ മുഹൂർത്തത്തിൽ ഷാർജയിൽ എത്താനായതിൽ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം വളരെ സജീവമാണെന്നും നല്ല ആത്മവിശ്വാസമുണ്ടെന്നും തനിക്കുവേണ്ടി പ്രചാരണത്തിന് എത്തണോ വേണ്ടയോ എന്നത് സൗമ്യയുടെ തീരുമാനമാണെന്നും’ സരിൻ ചോദ്യങ്ങളോടായി പ്രതികരിച്ചു.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റൈറ്റേഴ്‌സ് ഫോറത്തിൽ വച്ചായിരുന്നു ‘ഡോക്ടറെ ഞങ്ങടെ കുട്ടി ഓക്കെ ആണോ?’ എന്ന ശിശുരോഗ വിദഗ്ധയായ ഡോ. സൗമ്യ സരിന്റെ പുസ്തക പ്രകാശന ചടങ്ങ്. ദുരന്തമുഖത്തെ അന്താരാഷ്ട്ര വിദഗ്ധൻ ഡോ. മുരളി തുമ്മാരുകുടിയായിരുന്നു പ്രകാശകൻ. പ്രതീക്ഷിച്ചില്ലെങ്കിലും, സരിൻ എത്തിയതിൽ വളരെ സന്തോഷമുണ്ടെന്ന് ഡോ. സൗമ്യ പറഞ്ഞു. ഒപ്പം പാലക്കാട് തന്റെ മനസ് ആർക്കൊപ്പമാണെന്നതിലും ഇൻഫ്‌ളുവൻസർ കൂടിയായ സൗമ്യ സരിൻ നിലപാട് പറഞ്ഞു.
ആര് ജയിക്കണമെന്ന് ചോദിച്ചപ്പോൾ ഡോ. സൗമ്യ സരിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘പാലക്കാട് വികസനത്തിൽ പിറകിലാണ്. ആ നാടിനെ കുറിച്ച് കൃത്യമായി അറിയുന്നവരും വികസനം കൊണ്ടുവരുന്ന സ്ഥാനാർത്ഥിയുമാണ് വിജയിക്കേണ്ടത്. അതാരാണെന്ന് നാട്ടുകാർക്ക് വിട്ടുകൊടുക്കുകയാണെന്നും’ കക്ഷിരാഷ്ട്രീയത്തെ കൃത്യമായ അകലത്തിൽ നിർത്തി സൗമ്യ പറഞ്ഞു.
സരിൻ കോൺഗ്രസ് വിട്ട് ഇടത് സ്ഥാനാർത്ഥിയായത് അടക്കം വ്യക്തിപരമായ തീരുമാനമാണെന്നാണ് സൗമ്യയുടെ നിലപാട്. വിവാദങ്ങൾക്കിടയിലും ഡോ. സരിന് അനുകൂലമായോ വിമർശിച്ചോ ഒരുഘട്ടത്തിലും അവർ ഇടപെട്ടിരുന്നില്ല. എന്നാൽ, ഇതിന്റെ പേരിൽ അവർക്കു നേരെയുണ്ടായ സൈബറാക്രമണത്തിൽ കുടുംബം, രാഷ്ട്രീയം, കരിയർ എന്നിവയിലെ തന്റെ കൃത്യമായ നിലപാട് വിശദീകരിക്കാനും ഡോ. സൗമ്യ സരിൻ മറന്നില്ല.