കോഴിക്കോട് – ലോകസഭാ തെരെഞ്ഞെടുപ്പില്‍ അപരന്‍മാരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍. എതിരാളികള്‍ പരസ്പരം പാരവെച്ചതാണെങ്കിലും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായപ്പോള്‍ ഏതാണ്ട് എല്ലാ പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്‍മാരുടെ ശല്യമുണ്ട്. അപരന്‍മാര്‍ ചുരുങ്ങിയ വോട്ടുകളാണ് പിടിക്കുകയെങ്കിലും അത് ചിലപ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണ്ണായകമാകും. തങ്ങള്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളാണെന്ന് തെറ്റിദ്ധരിച്ചാണ് പലപ്പോഴും വോട്ടര്‍മാര്‍ അപരന്‍മാര്‍ക്ക് കുത്തുന്നത്. വോട്ടര്‍മാര്‍ക്കിടയില്‍ ഈ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പാരപണിയാന്‍ അപരന്‍മാരെ രംഗത്തിറക്കുന്നത്.
കോഴിക്കോട്ടും വടകരയിലും ഇടത് -വലത് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് മൂന്ന് അപരന്മാരാണ്. കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് അപരന്മാരായി മൂന്ന് രാഘവന്‍മാരുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനോട് മത്സരിക്കാന്‍ മൂന്ന് കരീമുമാര്‍ രംഗത്തുണ്ട്. വടകര എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ നേരിടാന്‍ മൂന്ന് ശൈലജമാരും ഷാഫി പറമ്പിലിനെ നേരിടാന്‍ രണ്ട് ഷാഫിമാരുമുണ്ട്. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന് അപരനായി ഒരാള്‍. കണ്ണൂരിലെ എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് അപരന്മാരുണ്ട്. എം വി ജയരാജന് മൂന്ന് അപരന്മാര്‍. കെ സുധാകരന് രണ്ട് അപരന്മാര്‍. മാവേലിക്കര മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിനും അപരനുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുരേഷ് കുമാറാണ് രംഗത്തെത്തിയത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് ഒരു അപരന്‍. അടൂര്‍ പ്രകാശിന് രണ്ട് അപരന്മാര്‍.
കോട്ടയത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് അപരനായി സി പി എം നേതാവായ പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗം ഫ്രാന്‍സിസ് ജോര്‍ജ് ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.