തിരുവനന്തപുരം– കഞ്ചാവ് വില്‍പ്പനയെകുറിച്ച് പോലീസിന് വിവരം നല്‍കിയ യുവാക്കളെ ലഹരിമാഫിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. സഹോദരങ്ങളായ രതീഷ്, രജനീഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കമുള്ള എട്ടോളം ആളുകളാണ് ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. വെട്ടേറ്റ രതീഷിന്റെ തലയില്‍ 20 തുന്നലുണ്ട്. സംഭവത്തില്‍ പോത്തന്‍കോട് വധശ്രമത്തിന് കേസെടുത്തു.
വീടിനടുത്ത് നടത്തുന്ന പശു ഫാമിന് സമീപത്ത് ലഹരി ഉപയോഗവും വില്‍പനയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം പോത്തന്‍കോട് പോലീസില്‍ അറിയിച്ചു. ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരിസംഘം ബൈക്ക് തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുകയും രജനീഷ് പോത്തന്‍കോട് സ്‌റ്റേഷനില്‍ ഓടിക്കയറി വിവരം പറഞ്ഞു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കുകയും പിന്നീട് ഫാമിലെത്തിയ ഇവരെ ലഹരിമാഫിയ സംഘം ക്രൂരമായി ആക്രമിച്ചു. ലഹരി സംഘത്തിനെതിരെ പരാതി നല്‍കിയ വിവരം പോലിസില്‍ നിന്ന് ചോര്‍ന്നതാണ് ആക്രമണത്തിന് കാരണമെന്ന് സംശയമുണ്ടെന്ന് സഹോദരങ്ങള്‍ പറഞ്ഞു.