കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച് പുറത്തേക്കെടുക്കുന്നതിനിടെ എറണാകുളം ടൗൺഹാളിൽ നാടകീയ രംഗങ്ങൾ. കോടതി ഉത്തരവനുസരിച്ച് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള നീക്കത്തിനിടെ മകൾ ആശാ ലോറൻസ് തടയുകയായിരുന്നു. ശവപേടകത്തിൽ കെട്ടിപ്പിടിച്ച് സി.പി.എം മുർദാബാദ് എന്ന് വിളിച്ചായിരുന്നു അവരുടെ പ്രതിഷേധം.
ഈ സമയം പാർട്ടിയുടെ വനിതാ പ്രവർത്തകർ ലോറൻസിനായി മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. തുടർന്ന് മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ, മകളുടെ മകനും തടയാൻ രംഗത്തെത്തിയതോടെ വളണ്ടിയർമാരുമായി ഉന്തും തള്ളുമുണ്ടായി. പിടിവലിക്കിടെ മകൾ ആശ നിലത്ത് വീഴുകയുമുണ്ടായി. അപ്പോഴും മൃതദേഹം പുറത്തേക്കെടുക്കാൻ തടസ്സം നിന്ന് സി.പി.എം മുർദാബാദ് എന്ന് മകൾ ആവർത്തിച്ച് വിളിക്കുന്നുണ്ടായിരുന്നു. ശേഷം ബന്ധുക്കളെത്തി മകളെയും മകനെയും ബലം പ്രയോഗിച്ച് മാറ്റിയാണ് മൃതദേഹം പുറത്തേക്കെടുത്തത്.
അച്ഛൻ പറഞ്ഞതനുസരിച്ച് മൃതശരീരം മെഡിക്കൽ കോളജിലെ കുട്ടികൾക്ക് പഠിക്കാൻ വിട്ടുനൽകാനുള്ള മറ്റു മക്കളുടെ തീരുമാനത്തെ ചോദ്യംചെയ്ത്, മൃതദേഹം പള്ളിയിൽ തന്നെ സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് മകൾ ആശ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ മകളുടെ വാദം കൂടി കേൾക്കണമെന്നും അന്തിമ തീരുമാനമാകും വരേ മൃതദേഹം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിക്കാനും കോടതി അടിയന്തര ഉത്തരവിടുകയായിരുന്നു. അതനുസരിച്ചുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് വാക്കേറ്റവും ഉന്തും തള്ളുമെല്ലാം ഉണ്ടായത്.
സംസ്‌കാര ചടങ്ങിലെ തർക്കം ദുഃഖമുണ്ടാക്കിയെന്നും മരണം വിവാദമാക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ പ്രശ്‌നം ഉണ്ടായതെന്ന് അറിയില്ല. കുടുംബം പറഞ്ഞതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. കുടുംബമാണ് മൃതദേഹം കൈമാറിയത്. ഉന്തും തള്ളും ഉണ്ടായിട്ടില്ല. കുടുംബങ്ങൾ തമ്മിലാണ് സംസാരം ഉണ്ടായത്. മുദ്രാവാക്യം വിളിക്കുന്നത് പാർട്ടി ചെയ്യാറുള്ളതാണെന്നും സി.എൻ മോഹനൻ പറഞ്ഞു.
കോടതി ഉത്തരവനുസരിച്ച് മൃതദേഹം മക്കൾ കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറി. മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കോളജിന് കൈമാറണമെന്ന ആഗ്രഹം അച്ഛൻ തന്നോട് പറഞ്ഞിരുന്നതായി മൂത്ത മകൻ അഡ്വ. എം എൽ സജീവൻ അടക്കമുള്ളവർ പറഞ്ഞെങ്കിലും മകളത് കേൾക്കാൻ കൂട്ടാക്കിയില്ല. സഹോദരി ആർ.എസ്.എസിന്റെ കൈയിലെ ടൂളാണെന്നും ജീവിച്ചിരിക്കുമ്പോഴും അച്ഛന്റെ നിലപാടിന് എതിരായിരുന്നുവെന്നും പാർട്ടിയെയും പ്രവർത്തരെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നാടകങ്ങളുണ്ടായതെന്നും സജീവൻ മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇടതു മുന്നണി മുൻ കൺവീനറും മുൻ എം.പിയുമായ എം.എം ലോറൻസിന്റെ അന്ത്യം.