മലപ്പുറം: തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് തവനൂർ എം.എൽ.എയും മുൻ മന്ത്രിയുമായ ഡോ. കെ.ടി ജലീൽ. തനിക്ക് സി.പി.എമ്മിനോടായാലും കോൺഗ്രസിനോടായാലും ആരോടും പ്രതിബദ്ധതയില്ല. എങ്കിലും സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.
പി.വി അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും കൂടുതൽ കാര്യങ്ങൾ ഇന്ന് വൈകുന്നേരം 4.30ന് വെളിപ്പെടുത്താമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ ഇനി മൽസരിക്കില്ലെന്നും ഒരു അധികാര പദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരുമെന്നും ജലീൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അൻവർ പോലീസിനെതിരെ ഉയർത്തിയ ആരോപണങ്ങളിൽ തുടക്കത്തിൽ അനുകൂലമായി പ്രതികരിച്ചെങ്കിലും പോരാട്ടം മുഖ്യമന്ത്രിയ്ക്കും സി.പി.എം നേതൃത്വത്തിനുമെതിരേ നീണ്ടതോടെ മൗനത്തിൽ പോകുകയായിരുന്നു കെ.ടി ജലീൽ.