ആലപ്പുഴ: ഇപി ജയരാജനെതിരായ നടപടി ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ആലപ്പുഴയില്‍ മാധ്യമ പ്രര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ്. അന്ന് ഇപിക്കെതിരെ നടപടിയെടുത്തില്ല. ബിജെപിയും സിപിഎമ്മും തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായിരുന്നു ഇപിയുടെ അന്ന് നടത്തിയ കൂടിക്കാഴ്ച. ഇപ്പോള്‍ ഇപിയെ ബലിയാടാക്കി സിപിഎം കൈകഴുകുകയാണെന്ന് കെ സി പറഞ്ഞു. ഭരണ കക്ഷി എംഎല്‍എ ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. അത് അന്വേഷിക്കണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍ എംഎല്‍എ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം എങ്കിലും സര്‍ക്കാര്‍ കാട്ടണം. അധികാരത്തില്‍ തുടരാന്‍ സര്‍ക്കാരിന് ധാര്‍മികതയില്ല. ഒന്നിലും സര്‍ക്കാരിന് നിയന്ത്രണവും ലക്ഷ്യബോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ അവസാനവാരം നടത്താന്‍ സര്‍ക്കാര്‍ തയ്യാറകാണം.സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ നെഹ്റു ട്രോഫി വള്ളംകളി റദ്ദാക്കാനൊരുങ്ങുമ്പോള്‍, ബേപ്പൂര്‍ വള്ളംകളിക്ക് സര്‍ക്കാര്‍ 2.45 കോടി രൂപ ചെലവിടാനുള്ള നീക്കം ഇരട്ടത്താപ്പാണ്. നെഹ്റു ട്രോഫി വള്ളംകളിയും തൃശ്ശൂര്‍ പൂരവും അന്താരാഷ്ട്രതലത്തില്‍ കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന രണ്ട് ബ്രാന്റുകളാണ്. ഇത് ഒറ്റയടിക്ക് നിര്‍ത്തലാക്കുന്നത് ഗുണകരമല്ല. ഈ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.