കോഴിക്കോട്: ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്ന് കാന്തപുരം എ.പി വിഭാഗം നേതാവും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ സ്വാലിഹ് തുറാബ് തങ്ങൾ. പെരുമണ്ണ തയ്യിൽ താഴത്ത് ‘മർകസുൽ ബദരിയ്യ ദർസ് ആരംഭവും സി.എം വലിയുല്ലാഹി ആണ്ടുനേർച്ച- അസ്മാഉൽ ബദ്‌റും’ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു സ്വാലിഹ് തുറാബ് തങ്ങൾ.
എന്തെങ്കിലും പറയുമ്പോഴേക്ക് സമൂഹത്തെ പേടിക്കുകയാണ്. ഒരു പ്രസവം നടന്നു ഇവിടെ. എന്തൊക്കെ സംഭവിച്ചു? ഇവിടെ ഹോസ്പിറ്റലിൽ എന്തൊക്കെ ഗുലുമാലുകളാണ് നടക്കുന്നത്? എന്തൊക്കെ അക്രമങ്ങൾ നടക്കുന്നു. കൊല്ലാനുള്ള ലൈസൻസുള്ള ആളുകൾ എന്നാണ് ആ സർട്ടിഫിക്കറ്റിനെക്കുറിച്ച് ചില ആളുകൾ പറയുന്നത്. അവിടെ ഒരു തെറ്റ് ചെയ്താൽ ചോദ്യവും പറച്ചിലും ഇല്ല, എന്തും ആകാമെന്നാണ്. എന്താണ് ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ? കോടതി പറഞ്ഞിട്ടുണ്ടോ, ഇവിടത്തെ സർക്കാർ നിയമമാണോ അത്?
വീട്ടിൽ പ്രസവിക്കുന്നത് അവരവരുടെ സൗകര്യമാണ്. ആരെങ്കിലും ആക്രമിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നതിൽ സംശയമില്ല. ഇവിടെ എല്ലാവരും വീട്ടിൽ പ്രസവിക്കുന്നവരെ കുറ്റപ്പെടുത്തുകയാണ്. വീട്ടിൽ പ്രസവം എടുക്കുന്ന ഉമ്മയെ കുറ്റപ്പെടുത്തുകയാണ്. വീട്ടിൽ പ്രസവിക്കാൻ പ്രോത്സാഹിപ്പിച്ചവരെ കുറ്റപ്പെടുത്തുകയാണ്. വല്ലാത്തൊരു ലോകം. ഈ രൂപത്തിൽ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. അവനവന്റെ വിശ്വാസം ശക്തമായി കാത്തുസൂക്ഷിച്ചാൽ അവനവന് രക്ഷപ്പെടാം. തോന്നിവാസങ്ങളുടെ മുമ്പിൽ പലതും പൊട്ടി മുളക്കുകയാണ്.
ഏതെങ്കിലും പള്ളിയിൽ കേറി വാർപ്പ് ഇടിഞ്ഞു പൊളിഞ്ഞ് വീണെന്നു കരുതി, ഒറ്റ കൂട്ടി പള്ളീലേ കേറണ്ട ഇടിഞ്ഞു വീഴുമെന്ന് പറഞ്ഞ് ആരെങ്കിലും പോകാതിരിക്കണോ? ഹോസ്പിറ്റലിൽ പ്രസവിക്കണം ന്ന് നിയമണ്ടോ, കോടതി പറഞ്ഞിട്ടുണ്ടോ? എല്ലാവരും കോടതിയും നിയമവും പോലീസും പറഞ്ഞ് പേടിക്കുകയാണ്. പോലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും സ്വാലിഹ് തുറാബ് തങ്ങൾ പറഞ്ഞു.
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും സർക്കാറും ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ച് സുന്നി യുവജന സംഘം നേതാവ് രംഗത്തെത്തിയത്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അസ്മയുടെ മരണം. ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ശാസ്ത്രീയ ചികിത്സ നല്കാനോ ഭർത്താവ് സിറാജുദ്ദീൻ തയ്യാറായിരുന്നില്ല. അമിത രക്തസ്രാവമാണ് അസ്മയെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപോർട്ടിലുള്ളത്.