തലശ്ശേരി: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ നടത്തിയ വ്യക്തി ഹത്യയാണ് എ.ഡി.എം കെ നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ. യാത്രയയപ്പ് യോഗത്തിൽ ഭീഷണി സ്വരത്തിലാണ് ദിവ്യ സംസാരിച്ചത്. പരിപാടി റിപോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകനെ മുൻകൂട്ടി നിയോഗിച്ച് വിഷ്വൽ വാങ്ങി പ്രചരിപ്പിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ദിവ്യയുടെ ആസൂത്രണത്തെ സാധൂകരിക്കുന്നതാണ് പ്രചരിച്ച വീഡിയോ. അത് പത്തനംതിട്ടയിൽ പോലും പ്രചരിച്ചു എ.ഡി.എം ഇനി പോകുന്ന സ്ഥലത്തും അപമാനിക്കാനായിരുന്നു ദിവ്യയുടെ ശ്രമമെന്ന് ഇതിൽനിന്ന് വ്യക്തമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ വാദിച്ചു. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് കലക്ടറുടെ മൊഴിയുണ്ട്. സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യോഗത്തിൽ ദിവ്യ പങ്കെടുക്കേണ്ട കാര്യവുമില്ല.
ദിവ്യ ജില്ലാ കലക്ടർ അരുൺ കെ വിജയനോട് എ.ഡി.എമ്മിനെക്കുറിച്ചുള്ള പരാതി രാവിലെ പറഞ്ഞിരുന്നു. എന്നാൽ, യാത്രയയപ്പ് പരിപാടിയിൽ അഴിമതി ആരോപണം ഉന്നയിക്കരുതെന്ന് കലക്ടർ രണ്ട് തവണ ദിവ്യയോട് പറഞ്ഞു. പ്രതിക്ക് എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന കുട്ടിയുള്ള കാര്യം ഓർമിപ്പിച്ച പ്രതിഭാഗം മരിച്ച നവീൻ ബാബുവിനും മക്കളും കുടുംബവുമുള്ളത് ഓർക്കണം. ഉള്ളതാണെങ്കിൽ പറയേണ്ടിടത്ത് പരാതി നൽകാതെ എന്ത് സന്ദേശമാണ് ദിവ്യ സമൂഹത്തിന് നൽകിയതെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
എ.ഡി.എമ്മിനെതിരെയുള്ള പരാതി വ്യാജമാണ്. പ്രശാന്തന്റെ ഒപ്പുകളിലെയും പേരിലെയും വൈരുധ്യം കണ്ടെത്തിയതാണ്. നവീന്റെ മരണത്തിന് ശേഷം പരാതി സൃഷ്ടിച്ചതാണ്. അഴിമതി നടന്നെങ്കിൽ പരാതി നൽകേണ്ടത് ഔദ്യോഗിക സംവിധാനങ്ങൾക്കാണ്. അത് ചെയ്യാതെ വ്യക്തിഹത്യ ചെയ്യുകയാണുണ്ടായത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കിയതാണ്.
അഴിമതി നടന്നെങ്കിൽ അന്വേഷിക്കാൻ സംവിധാനങ്ങൾ ഇല്ലേ? അല്ലാതെ മൈക്ക് കെട്ടി പ്രസംഗിക്കുകയല്ല വേണ്ടത്. സത്യസന്ധനായ ഉദ്യോഗസ്ഥന് താങ്ങാനാവാത്ത വേദനയാണ് ദിവ്യയുണ്ടാക്കിയത്. സംഭവ ശേഷവും ദിവ്യ, നവീൻ ബാബുവിനെ താറടിച്ച് കാണിച്ചു.
എ.ഡി.എമ്മിനോട് പ്രശാന്തന്റെ പെട്രോൾ പമ്പ് തുടങ്ങുന്ന സ്ഥലം പോയി കാണാൻ പറയാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്ത് അർഹതയാണുള്ളത്? പ്രോട്ടോക്കോൾ ലംഘനമാണ് നടന്നത്. പരാതികളും വ്യാജവും ആസൂത്രിതവുമാണ്.
പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയിൽ വരുന്നതല്ല. പിന്നെ എങ്ങനെ ദിവ്യ ഇടപെട്ടു? പെട്രോൾ പമ്പ് ബിനാമി ഇടപാടും അതിലെ ദിവ്യയുടെ പങ്കും അന്വേഷിക്കണം. കൃത്യമായ ആസൂത്രണവും ലക്ഷ്യവും ഇതിന് പുറകെ ദിവ്യക്ക് ഉണ്ടായിരുന്നുവെന്നും മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നും പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.