- ആംബുലൻസിൽ എന്നെ കണ്ടത് മായക്കാഴ്ചയാണോ അല്ലയോ എന്ന് വ്യക്തമാകണമെങ്കിൽ സി.ബി.ഐ അന്വേഷണം നടക്കട്ടെയെന്നും സുരേഷ് ഗോപി
ചേലക്കര: തൃശൂർ പൂര നഗരിയിൽ താൻ ആംബുലൻസിൽ പോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആംബുലൻസിൽ വന്നത് കണ്ടുവെന്നത് മായക്കാഴ്ചയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ചേലക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു സുരേഷ് ഗോപി.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിശ്വസിക്കുന്നതുപോലെ ആംബുലൻസിൽ ഞാൻ പൂരസ്ഥലത്ത് പോയിട്ടില്ല. സാധാരണ കാറിലാണ് പോയത്. ബി.ജെ.പി തൃശൂർ ജില്ലാ അധ്യക്ഷന്റെ കാറിലാണ് താൻ പൂരസ്ഥലത്തേക്ക് പോയതെന്നും ആംബുലൻസിൽ എന്നെ കണ്ടത് മായക്കാഴ്ചയാണോ അല്ലയോ എന്ന് വ്യക്തമാകണമെങ്കിൽ അന്വേഷണം നടക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
പക്ഷേ, കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ സത്യം അറിയില്ല. സി.ബി.ഐ വരണം. അതിന് തയാറാണോ? ഒറ്റ തന്തയ്ക്ക് പിറന്നവരാണെങ്കിൽ അന്വേഷണം, സി.ബി.ഐക്ക് വിടണം. തിരുവമ്പാടി അവരുടെ സത്യം പറയട്ടെ, പാറമേക്കാവ് അവരുടെ സത്യവും പറയട്ടെ. ഞാനവിടെ ചെല്ലുന്നത് നൂറുകണക്കിന് പൂരപ്രേമികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ്. ആ കലക്ടറെയും കമ്മിഷണറെയും ഒരു കാരണവശാലും ഇവിടെനിന്നു മാറ്റരുത്, അവരെ ശിക്ഷിക്കരുതെന്ന് അന്നു തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണ്. 2025-ൽ എങ്ങനെ പൂരം നടത്തുമെന്ന് അവർക്ക് കാണിച്ച് കെടുക്കുമെന്ന് ഞാൻ പറഞ്ഞതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിനായി സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലൻസിൽ സംഭവസ്ഥലത്ത് എത്തിച്ചുവെന്നും ഇത് പോലീസ് സഹായത്തോടെയാണെന്നും ആരോപണമുണ്ടായിരുന്നു. നിയമസഭയിലടക്കം ഭരണ-പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യം ഉന്നയിക്കുകയുമുണ്ടായി.
പൂര ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാനായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സുരേഷ് ഗോപി ആംബുലൻസിൽ പോയ കാര്യം പറഞ്ഞിരുന്നു. പൂരം കലക്കാനല്ല, നടത്താനാണ് സുരേഷ് ഗോപി ആംബുലൻസിൽ പോയതെന്നായിരുന്നായിരുന്നു കെ സുരേന്ദ്രൻ ന്യായീകരിച്ചിരുന്നത്. ഇതാണിപ്പോൾ സുരേഷ് ഗോപി താൻ ആംബുലൻസിൽ പോയിട്ടേ ഇല്ലെന്ന് നിഷേധിക്കുന്നത്.
തൃശൂർ പൂരം കലക്കൽ വിവാദമുണ്ടായ അന്നുമുതൽ ഉയർന്ന ആരോപണം ഇതാദ്യമായാണ് സുരേഷ് ഗോപി നിഷേധിച്ച് രംഗത്തുവന്നത്. ആംബുലൻസ് ദുരുപയോഗപ്പെടുത്തിയതിന് സുരേഷ് ഗോപിക്കെതിരേ കേസെടുക്കണമെന്ന പരാതികളിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പുതിയ വെളിപ്പെടുത്തൽ. ഇത് നിയമ തിരിച്ചടി മുന്നിൽ കണ്ടുള്ള കള്ളപ്രചാരണമാണോ അതോ വസ്തുതയാണോ എന്നതിൽ വീണ്ടും വിവാദങ്ങൾ കത്താനാണ് സാധ്യത.