- ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി തീരുമാനം ശരിവെച്ച് സുപ്രിംകോടതി
ന്യൂഡൽഹി: അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി.
ഒരു എം.എൽ.എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. എന്നാൽ, പ്രശാന്ത് വാങ്ങിയ ശമ്പളവും ആനുകൂല്യവും തിരിച്ചുപിടിക്കരുതെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
2018-ലെ ഇടത് സർക്കാറിന്റെ കാലത്തെ തീരുമാനമനുസരിച്ചാണ് ആർ പ്രശാന്തിന് ജോലി നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ ആയായിരുന്നു നിയമനം. കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാൻ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എയുടെ മകന് ആശ്രിത നിയമനം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ആശിത്രനിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സർക്കാറിന് പ്രത്യേക അധികാരമുണ്ടെന്ന് സംസ്ഥാനം സുപ്രിം കോടതിയിൽ വാദിച്ചെങ്കിലും കോടതി തള്ളി. പ്രത്യേക അധികാരം ഇത്തരം കാര്യങ്ങൾക്കല്ല ഉപയോഗിക്കേണ്ടതെന്നും സുപ്രിം കോടതി ഓർമിപ്പിച്ചു.