കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ് തുടങ്ങിയവർക്കെതിരെയാണ് കണ്ണൂർ വനിതാ പോലീസ് കേസെടുത്തത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് ദിവ്യ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലുള്ളത്. കുടുംബാംഗങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
കണ്ണൂരിൽനിന്നും പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫറായ എ.ഡി.എം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പി.പി ദിവ്യ, അഴിമതി ആരോപണം ഉന്നയിച്ച് അധിക്ഷേപിച്ചതിനു പിന്നാലെയാണ് നവീൻ ബാബുവിനെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവ്യ ക്ഷണിക്കാതെയാണ് യാത്രയയപ്പ് യോഗത്തിന് എത്തിയതെന്ന് ജില്ലാ കലക്ടറും സംഘാടകരും വ്യക്തമാക്കിയെങ്കിലും തന്നെ കലക്ടർ ക്ഷണിച്ചിരുന്നുവെന്നാണ് ദിവ്യ പറഞ്ഞത്.
സംഭവത്തിൽ പി.പി ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചമുത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ച് അവർ ഒളിവിൽ പോയിരുന്നു. ശേഷം തലശ്ശേരി കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പോലീസിൽ കീഴടങ്ങി റിമാൻഡിലായ, ദിവ്യയിപ്പോൾ ജാമ്യത്തിലാണുള്ളത്.
സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ കേസിൽ പോലീസ് അന്വേഷണം പ്രതിയെ സഹായിക്കുംവിധത്തിലാണെന്ന് ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസിന്റെ തുടക്കം മുതലുള്ള പോലീസ് വീഴ്ചകളും ദുരൂഹതകളും ചൂണ്ടിക്കാട്ടിയുള്ള കുടുംബത്തിന്റെ ഹരജിയിൽ, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാറും, കോടതി ആവശ്യപ്പെട്ടാൽ അന്വേഷിക്കാമെന്ന് സി.ബി.ഐയും കോടതിയെ നിലപാട് അറിയിച്ചിട്ടുണ്ട്. ഹരജിയിൽ അധികം വൈകാതെ ഹൈക്കോടതി വിധി പ്രഖ്യാപിക്കാനിരിക്കുകയാണ്.