- പ്രണയത്തിലായിരുന്ന ഇന്ദുജയെ മൂന്നുമാസം മുമ്പാണ് വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയി അഭിജിത്ത് വിവാഹം രജിസ്റ്റർ ചെയ്തത്
തിരുവനന്തപുരം: പാലോട് കൊന്നമൂട് സ്വദേശിയായ നവവധു ഇന്ദുജ(25)യെ ഇളവട്ടത്തെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്.
ഭർതൃവീട്ടിലെ രണ്ടാമത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അഭിജിത്തിനും അമ്മയ്ക്കുമെതിരെ ഇന്ദുജയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. യുവതിക്കു ഭർതൃവീട്ടിൽനിന്ന് ഭീഷണിയും മാനസിക പീഡനവും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബത്തിന്റെ പരാതിയിലുണ്ട്.
രണ്ടുവർഷത്തെ പ്രണയത്തിന്റെ തുടർച്ചയായി മൂന്നുമാസം മുമ്പാണ് സ്വകാര്യ ലാബിലെ ജീവനക്കാരായിയായ ഇന്ദുജയുടെയും സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനായ അഭിജിത്തിന്റെയും വിവാഹം നടന്നത്.
ഇന്ദുജയെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ദുജ പട്ടികവർഗക്കാരിയും അഭിജിത്ത് പട്ടികജാതി വിഭാഗക്കാരനുമാണ്. ജാതി മാറിയുള്ള വിവാഹത്തിന് അഭിജിത്തിന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നുവെന്നാണ് ഇന്ദുജയുടെ കുടുംബം പറയുന്നത്. രണ്ടാഴ്ച മുമ്പ് സ്വന്തം വീട്ടിലെത്തിയ ഇന്ദുജയുടെ മുഖത്ത് മർദനമേറ്റതിന്റെ പാടുണ്ടായിരുന്നു. വിവാഹശേഷം ഇന്ദുജയെ ഭർതൃവീട്ടിൽ ചെന്ന് കാണാൻ തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും യുവതിയുടെ കുടുംബം പറയുന്നു.
ഇന്ദുജ തന്നെ ഇത് പല ദിവസങ്ങളിൽ ഫോൺ വിളിച്ച് അറിയിച്ചിട്ടുണ്ട്. മരണത്തിനു പിന്നിൽ അഭിജിത്തിനും മാതാവിനും പങ്കുള്ളതായി സംശയമുണ്ടെന്നും ഇന്ദുജയുടെ പിതാവ് ശശിധരൻ കാണി പാലോട് പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. ഇന്ദുജയുടേത് ആത്മഹത്യാണെന്ന് അംഗീകരിക്കാൻ അഭിജിത്തിന്റെ കുടുംബം തയ്യാറായില്ലെന്നും മരണവിവരം അറിയിച്ചില്ലെന്നും പരാതിയിലുണ്ട്.
ഇന്നലെയാണ് ഇന്ദുജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് മടങ്ങിവന്ന അഭിജിത്ത് ഭാര്യയെ റൂമിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നാണ് പോലീസിൽ അറിയിച്ചത്. സംഭവത്തിൽ കേസെടുത്ത് ഭർത്താവിൽനിന്നടക്കം കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.