പത്തനംതിട്ട: പനി ബാധിച്ച് മരിച്ച 17-കാരി ഗർഭിണിയാണെന്ന പോസ്റ്റ്‌മോർട്ടം റിപോർട്ടിന് പിന്നാലെ അന്വേഷണം ഊർജിതമാക്കി പോലീസ്. മരിച്ച പെൺകുട്ടി സഹപാഠിയായ ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ പോക്‌സോ കേസടക്കം ചുമത്തി കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങുകയാണെന്നും പോലീസ് പറഞ്ഞു. ഇതിനായി സഹപാഠിയുടെ രക്ത സാമ്പിളുകൾ അടക്കം പരിശോധിക്കും. ഡി എൻ എ പരിശോധനയ്ക്കായാണ് സാമ്പിളെടുക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ ഡി എൻ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും കുട്ടിയുടെ പിതൃത്വം തെളിഞ്ഞാൽ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
പെൺകുട്ടി അഞ്ചുമാസം ഗർഭിണിയായിരുന്നുവെന്നാണ് ഇന്നലെ പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപോർട്ട്. ഗർഭം ഒഴിവാക്കാൻ പെൺകുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടി ഗർഭസ്ഥ ശിശുവിനെ ഒഴിവാക്കാൻ മരുന്ന് കഴിച്ചത് ആരുടെ അറിവോടെയാണ് എന്നതടക്കമുള്ള കാര്യം പോലീസ് അന്വേഷിക്കുമെന്നാണ് വിവരം.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചത്. പനിയെ തുടർന്നുള്ള അണുബാധയ്‌ക്കെന്ന രീതിയിലാണ് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്. മരണത്തിൽ സംശയം തോന്നി പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് 17-കാരി അഞ്ചുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞത്. ഇക്കാര്യം മറച്ചുവെയ്ക്കുകയായിരുന്നു. നേരത്തെ ചികിത്സ തേടിയ വിവിധ ആശുപത്രികളിലും ഗർഭമുള്ള വിവരം മറച്ചുവെച്ചതിൽ ദുരൂഹതയുണ്ട്. ഇക്കഴിഞ്ഞ 22-നാണ് പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.