തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ കെ.എം. ഷാജഹാനെ നോർത്ത് പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാന്റെ വീട്ടിലെത്തിയാണ് പൊലീസ് നടപടി പൂർത്തിയാക്കിയത്. കെ.ജെ. ഷൈനിന്റെ രണ്ടാമത്തെ പരാതിയെ തുടർന്നാണ് ഈ നടപടി.
ഇന്ന് ഉച്ചയോടെ കെ.ജെ. ഷൈൻ എറണാകുളം റൂറൽ സൈബർ പൊലീസിന് പുതിയ പരാതി സമർപ്പിച്ചു. ഷാജഹാൻ തന്റെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപകരമായ വീഡിയോ അപ്‌ലോഡ് ചെയ്ത് നിയമത്തെ വെല്ലുവിളിക്കുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തിങ്കളാഴ്ച എറണാകുളം റൂറൽ സൈബർ പൊലീസും പറവൂർ പൊലീസും ചേർന്ന് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തി, അദ്ദേഹത്തിന്റെ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു.
കെ.ജെ. ഷൈനിന്റെ പരാതിയിൽ ഗോപാലകൃഷ്ണനാണ് ഒന്നാം പ്രതി, കെ.എം. ഷാജഹാൻ രണ്ടാം പ്രതി, യൂട്യൂബറായ കൊണ്ടോട്ടി അബു മൂന്നാം പ്രതിയാണ്. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



