കണ്ണൂർ: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കാൻ ഇടയാക്കിയ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ. പിണറായിയിലെ വസതിയിൽ എത്തിയാണ് കലക്ടർ മുഖ്യമന്ത്രിയുമായി സംസാരിച്ച് നിർണായക വിവരങ്ങൾ അറിയിച്ചത്.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച 20 മിനുട്ടിലേറെ നീണ്ടുനിന്നു. വിഷയത്തിൽ തന്റെ പങ്കും യാത്രയയപ്പ് യോഗത്തിൽ സംഭവിച്ചതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ സംസാരിച്ചതും അവരെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം കലക്ടർ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
നവീൻ ബാബുവിന്റെ ബന്ധുക്കൾ പറഞ്ഞ കാര്യങ്ങളിലെ വിശദീകരണം, പെട്രോൾ പമ്പുമായും പി.പി ദിവ്യയുമായുള്ള ആശയ വിനിമയങ്ങൾ തുടങ്ങി സുപ്രധാന കാര്യങ്ങൾ ചുരുങ്ങിയ സമയത്തിനകം മുഖ്യമന്ത്രിയെ ധരിപ്പിച്ച് തന്റെ ഭാഗം പറയാനാണ് കലക്ടർ ശ്രമിച്ചത്. നിലവിലെ സാഹചര്യത്തിൽ കണ്ണൂരിൽ തുടരാനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയ കലക്ടർ ട്രാൻസ്ഫർ താൽപര്യവും അറിയിക്കുകയുണ്ടായി.
ഇന്നലെ രാത്രി വീട്ടിലെത്തിയ കലക്ടറെ ഗൗരവത്തോടെ കേട്ട മുഖ്യമന്ത്രി ചില സംശയങ്ങളുന്നയിക്കുകയും അന്വേഷണ റിപോർട്ട് വരട്ടെ എന്ന നിലപാട് സ്വീകരിക്കുകയുമാണുണ്ടായതെന്നാണ് വിവരം.
തെളിവെടുപ്പിന്റെ ഭാഗമായി ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണർ എ ഗീത ഇന്നലെ കലക്ടറുടെ മൊഴിയെടുത്തിട്ടുണ്ട്. റിപോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിഗണനയിലിരിക്കെയാണ് സ്ഥലംമാറ്റത്തിനായി കലക്ടറും രംഗത്തുവന്നിട്ടുള്ളത്.
അതിനിടെ, വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ലാൻഡ് റവന്യു കമ്മിഷണർ, റവന്യൂ വകുപ്പിലെ ജീവനക്കാരുടെയും പരാതിക്കാരൻ ടി.വി പ്രശാന്തന്റെയുമെല്ലാം മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. എട്ടു മണിക്കൂറിലേറെയാണ് ഇന്നലത്തെ തെളിവെടുപ്പ് നീണ്ടത്. കേസിൽ ഒളിവിലുള്ള പ്രധാന പ്രതി പി.പി ദിവ്യ ചോദ്യം ചെയ്യലിന് ഹാജറാകാൻ കൂടുതൽ സാവകാശം ആവശ്യപ്പെടുകയാണുണ്ടായത്. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്ന പ്രതി അറസ്റ്റിലാകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ദിവ്യയെ തേടി പോയെങ്കിലും കണ്ടെത്താനായില്ലെന്ന നിസ്സംഗ മറുപടിയാണ് പോലീസ് പറയുന്നത്.
ഒരാഴ്ചക്കകം അന്വേഷണ റിപോർട്ട് നൽകാനാണ് ലാൻഡ് റന്യൂ കമ്മിഷണർ ഉദ്ദേശിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ, പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ, അവയ്ക്കു ആധാരമായ തെളിവുകൾ, പെട്രോൾ പമ്പിന് എൻ.ഒ.സി നൽകിയതിൽ വീഴ്ചയുണ്ടായോ? അഴിമതിയുണ്ടായോ, പരാതിയിൽ കൃത്രിമത്വങ്ങളുണ്ടോ? തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി ചോദിച്ചറിയാനും അതിന്റെയെല്ലാം തെളിവുകൾ ശേഖരിക്കാനുമാണ് അന്വേഷണ ഉദ്യോഗസ്ഥ ശ്രമിച്ചത്.