കണ്ണൂർ/പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യക്ക് ജാമ്യം നൽകിയതിനെതിരെ നിർണായക നീക്കവുമായി നവീൻ ബാബുവിന്റെ കുടുംബം.
ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം വ്യക്തമാക്കി. എസ്.ഐ.ടി അന്വേഷണം കാര്യക്ഷമമല്ലെന്നും ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുക.
ഈ വിധി പ്രതീക്ഷിച്ചില്ലെന്നും ജാമ്യം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്ക് പിന്നാലെ നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ പ്രതികരിച്ചിരുന്നു. ഇന്നലെ പ്രതിക്ക് കോടതി ജാമ്യം നൽകിയപ്പോൾ കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ടയിലെ സി.പി.എം നേതാവ് മോഹനൻ രംഗത്തുവന്നത് സംസ്ഥാന പോലീസിന്റെ അന്വേഷണത്തിലുള്ള അതൃപ്തിയാണ് വ്യക്തമാക്കുന്നത്.
അതിനിടെ, നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇതുവരെയും രേഖപ്പെടുത്താനോ എ.ഡി.എമ്മിനെതിരേ വ്യാജമായി സൃഷ്ടിച്ചെടുത്ത പ്രശാന്തിന്റെ പരാതി മുക്കിയതും മറ്റും ഇതുവരെയും കോടതിക്ക് മുമ്പാകെ തുറന്നുകാട്ടാൻ പോലീസിനോ പ്രോസിക്യൂഷനോ സാധിച്ചിട്ടില്ല. പ്രതി ഇക്കാര്യത്തിൽ കാണിച്ച അനാവശ്യ തിടുക്കവും പ്രോട്ടോക്കോൾ ലംഘനവും ബിനാമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളും പോലീസ് വേണ്ടവിധം പുറത്തുകൊണ്ടുവരാൻ താൽപര്യം കാണിച്ചിട്ടില്ല. ഒളിവുജീവിതം നയിച്ച പ്രതിയെ യഥാസമയം ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ താൽപര്യം കാണിക്കാതിരുന്ന പോലീസ് വീഴ്ചയിൽ പൊതുസമൂഹത്തിൽനിന്ന് ശക്തമായ വിമർശമാണ് ഉയർന്നത്.
എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നുമാണ് ജയിൽ മോചിതയായ ശേഷം ദിവ്യ ആദ്യമായി പ്രതികരിച്ചത്. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ സത്യം പുറത്തുവരണമെന്നാണ് തന്റെയും ആഗ്രഹമെന്ന് പ്രതികരിച്ച പി.പി ദിവ്യ പാർട്ടി നടപടി അടക്കമുള്ള കൂടുതൽ ചോദ്യങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കിയിരുന്നില്ല.