തിരുവനന്തപുരം– പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുന്നു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും, ആരോപണം ഉന്നയിച്ച ട്രാൻസ്ജെൻഡർ വ്യക്തി മൊഴി നൽകാൻ തയ്യാറല്ലെന്ന് പോലീസിനെ അറിയിച്ചു. രണ്ട് യുവതികളും നിയമനടപടികളുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചിയിലെ യുവനടി, രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് മോശം അനുഭവം നേരിട്ടതായി മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിനോടും ഇക്കാര്യം ആവർത്തിച്ചെങ്കിലും, നിയമനടപടികൾക്ക് താത്പര്യമില്ലെന്ന് അവർ മൊഴി നൽകി. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ശബ്ദരേഖയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഈ യുവതിയുമായി പോലീസ് സംസാരിച്ചെങ്കിലും, അവരും നിയമനടപടികൾക്ക് തയ്യാറല്ലെന്ന് അറിയിച്ചു.
മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നെങ്കിലും, ആരും ഔപചാരികമായി പരാതി നൽകിയിരുന്നില്ല. എന്നാൽ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.